പഞ്ചാബ് കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി! പിസിസി അധ്യക്ഷസ്ഥാനം സിദ്ദു രാജിവച്ചു

Published : Sep 28, 2021, 03:20 PM ISTUpdated : Sep 28, 2021, 03:39 PM IST
പഞ്ചാബ് കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി! പിസിസി അധ്യക്ഷസ്ഥാനം സിദ്ദു  രാജിവച്ചു

Synopsis

പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തൻ്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അമർഷമുണ്ടായിരുന്നതായാണ് വിവരം. 

അമൃത്സ‍ർ: പഞ്ചാബ് കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി. പഞ്ചാബ് കോൺ​ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡൻ്റ്  സ്ഥാനം നവജ്യോത് സിം​ഗ് സിദ്ദു (Navjot Sidhu Quits As Punjab Congress Chief) രാജിവച്ചു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദ‍ർ സിം​ഗ് രാജിവയ്ക്കുകയും പുതിയ സ‍ർക്കാർ അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് സിദ്ദുവിൻ്റെ രാജി. വ്യക്തിത്വം പണയപ്പെട്ടത്തി ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്ന് രാജിക്കത്തിൽ കുറിച്ചാണ് സിദ്ദു പാ‍ർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. 

പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തൻ്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അമർഷമുണ്ടായിരുന്നതായാണ് വിവരം. മന്ത്രിസഭാ രൂപീകരണ ച‍ർച്ചകളിൽ സിദ്ദുവിനെ എഐസിസി നേതൃത്വം പൂ‍ർണമായും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്. 

'ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നതോടെ ഒരാളുടെ വ്യക്തിത്വം തകർന്നു തുടങ്ങും. പഞ്ചാബിൻ്റെ നല്ല ഭാവിയിലും ക്ഷേമത്തിലും എന്തെങ്കിലും ഒത്തുതീർപ്പിന് ഞാൻ തയ്യാറല്ല. അതിനാൽ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം ഞാൻ രാജിവയ്ക്കുന്നു. സാധാരണ പ്രവർത്തകനായി കോണ്ഗ്രസിൽ തുടരും' - സോണിയഗാന്ധിക്ക് അയച്ച രാജിക്കത്തിൽ സിദ്ദു കുറിച്ചു.

അതേസമയം സിദ്ദുവിൻ്റെ രാജിവാ‍ർത്തയ്ക്ക് പിന്നാലെ ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരിവന്ദ് കെജ്രിവാൾ പഞ്ചാബിലേക്ക് എത്തുമെന്ന വാ‍ർത്ത പുറത്തു വന്നിട്ടുണ്ട്. സിദ്ദു കോൺ​ഗ്രസ് വിട്ട് ആം ആദ്മി പാ‍ർട്ടിയിൽ ചേരുമെന്ന അഭ്യൂഹം ഇതോടെ ശക്തിപ്പെട്ടു.  ക‍ർഷകബില്ലിനെതിരായ ജനരോഷം പഞ്ചാബിൽ അകാലിദൾ - ബിജെപി സഖ്യത്തെ പ്രതികൂലമായി ബാധിച്ചതോടെ പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസും ആം ആദ്മി പാ‍ർട്ടിയും തമ്മിലാവും മത്സരമെന്ന പ്രതീതി ശക്തമാണ്. 

അതേസമയം സിദ്ദുവിൻ്റെ രാജിയെ രൂക്ഷമായി വിമർശിച്ച് പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർസിംഗ് രംഗത്ത് എത്തി. 'അയാൾക്ക് സ്ഥിരതയില്ല, പഞ്ചാബ് പോലൊരു അതിർത്തി സംസ്ഥാനത്തെ നയിക്കാൻ അയാൾ യോജ്യനുമല്ല. ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്...'- അമരീന്ദർ ട്വിറ്ററിൽ കുറിച്ചു.

സിദ്ദുവുമായുള്ള ഭിന്നതരൂക്ഷമായതോടെയാണ് അമരീന്ദ‍ർ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. രാജിവച്ച ശേഷം സിദ്ദുവിനും കോൺ​ഗ്രസ് നേതൃത്വത്തിനുമെതിരെ പരസ്യപ്രസ്താവനയുമായി രം​ഗത്തുവന്ന അമരീന്ദ‍ർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് പഞ്ചാബ് മുഖ്യമന്ത്രിയാവാനുള്ള നവജ്യോത് സിദ്ദുവിൻ്റെ മോഹം നടക്കില്ലെന്നും സിദ്ദുവിനെ തോൽപിക്കാൻ ഏതറ്റം വരേയും പോകുമെന്നും വ്യക്തമാക്കിയിരുന്നു. പഞ്ചാബിലുള്ള അമരീന്ദ‍ർ ഇന്ന് ദില്ലിയിലേക്ക് വരുന്നുണ്ട്. അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കാണും എന്ന അഭ്യൂഹം ശക്തമാണെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'