കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുന്നത് വൈകും: സാങ്കേതിക വിഷയങ്ങളിൽ വ്യക്തത തേടി

By Web TeamFirst Published Sep 28, 2021, 12:24 PM IST
Highlights

ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ച കൊവീഡ് വാക്സീനായ കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഈ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. 

ദില്ലി: കൊവാക്സിന് (Covaxin) ലോകാരോഗ്യ സംഘടനയുടെ (WHO) അനുമതി കിട്ടുന്നത് വൈകിയേക്കും. ചില സാങ്കേതിക വിഷയങ്ങളിൽ ലോകാരോഗ്യ സംഘടന കൂടുതൽ വ്യക്തത തേടിയതോടെയാണ് അന്തിമാനുമതി ലഭിക്കാൻ വൈകുമെന്നുറപ്പായത്. അതേസമയം ഇന്ത്യയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആറു മാസത്തിനു ശേഷം മൂന്നു ലക്ഷമായി കുറഞ്ഞത് ആശ്വാസമായി.

ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ച കൊവീഡ് വാക്സീനായ കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഈ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കൂടുതൽ വിശദീകരണം ലോകാരോഗ്യസംഘടനയുടെ പാനൽ വാക്സീൻ ഉത്പാദകരായ ഭാരത് ബയോടെകിനോട് (bharat biotech) തേടി. ഇത് ഉടനെ നല്കുമെന്ന് ഭാരത് ബയോടെക് വൃത്തങ്ങൾ പറഞ്ഞു. അനുമതിക്ക് ഇനിയും രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ് ഭാരത് ബയോടെക്ക് വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന സൂചന. 

ആഗോളതലത്തിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോഴും രണ്ടാമതാണ്. കൊവിഡ് കേസുകളുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ വ്യത്യാസം ഒരു കോടിയിൽ അധികമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിൽ കേസുകളുടെ എണ്ണം രാജ്യത്ത് തുടർച്ചയായി കുറഞ്ഞതാണ് ഈ വ്യത്യാസം കൂടാനുള്ള കാരണം. മാർച്ചിനു ശേഷം ഇതാദ്യമായി പ്രതിദിന കേസുകളുടെ എണ്ണം ഇരുപതിനായിരത്തിന് താഴെ എത്തിയതും ആശ്വാസം നൽകുന്ന വാർത്തയായി. 

കേരളത്തിനൊപ്പം ആയിരത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ്. ആറു മാസത്തിനു ശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നു ലക്ഷത്തിനു താഴെ എത്തുന്നത്. ഇതിൽ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം അതായത് 55 ശതമാനം കേസുകൾ കേരളത്തിലാണ്. രണ്ടാം തരംഗം പിടിച്ചു നിറുത്തുന്നതിൽ ഇപ്പോഴും കേരളത്തിലെ രോഗനിയന്ത്രണം പ്രധാനമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

click me!