പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ച് സിദ്ദു; സംഘടന ജനറല്‍ സെക്രട്ടറിമാരുടെയും രാജി വാങ്ങണമെന്ന് ഒരു വിഭാഗം

Published : Mar 16, 2022, 12:37 PM IST
പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ച് സിദ്ദു; സംഘടന ജനറല്‍ സെക്രട്ടറിമാരുടെയും രാജി വാങ്ങണമെന്ന് ഒരു വിഭാഗം

Synopsis

അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കും തോല്‍വിയില്‍ പങ്കുണ്ടെന്നും അങ്ങനെയെങ്കില്‍ പ്രിയങ്ക ഗാന്ധിയുടേതടക്കം രാജി ആവശ്യപ്പെടാത്തതെന്തെന്നുമാണ് ഒരു വിഭാഗം ചോദിക്കുന്നത്. 

ദില്ലി: കൂട്ടത്തോല്‍വിയില്‍ ഒടുവില്‍ പഞ്ചാബ് പിസിസി (ppcc) അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്‍റെയും (Navjot Singh Sidhu) കസേര തെറിച്ചു. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം രാജി വച്ചതായി സിദ്ദു അറിയിച്ചു. 2017 ല്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സിദ്ദു അമരീന്ദര്‍ സിംഗിനെതിരായ ഹൈക്കമാന്‍റ് നീക്കത്തില്‍ പാര്‍ട്ടിയുടെ ആയുധമായിരുന്നു. ക്യാപ്റ്റന്‍ വിലക്കിയിട്ടും സിദ്ദുവിനെ തന്നെ പാര്‍ട്ടി അധ്യക്ഷനാക്കി രാഹുലും പ്രിയങ്കയും അദ്ദേഹത്തെ വെല്ലുവിളിച്ചു. അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്‍റെ പടിയിറങ്ങിയപ്പോള്‍ ചന്നിയിലേക്ക് പാര്‍ട്ടി തിരിഞ്ഞതോടെ പിസിസി അധ്യക്ഷ സ്ഥാനം വലിച്ചെറി‍ഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തുണ്ടാകാവുന്ന തിരിച്ചടി ഭയന്ന് ഹൈക്കമാന്‍റ് കാല് പിടിച്ച് വീണ്ടും അധ്യക്ഷനാക്കി. 

കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ്  ആംആദ്മി പാര്‍ട്ടി പഞ്ചാബ് പിടിച്ചപ്പോള്‍ ജനം മികച്ച തീരുമാനമെടുത്തെന്ന പ്രതികരണത്തിലൂടെ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കി. ഒടുവില്‍ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശത്തോടെ മറ്റ് നാല് പിസിസി അധ്യക്ഷന്മാര്‍ക്കൊപ്പം സിദ്ദുവും പുറത്തേക്ക്. പിസിസി അധ്യക്ഷന്മാരുടെ മാത്രം രാജി ആവശ്യപ്പെട്ടതില്‍ പാര്‍ട്ടിയല്‍ മുറുമുറുപ്പുണ്ട്. അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കും തോല്‍വിയില്‍ പങ്കുണ്ടെന്നും അങ്ങനെയെങ്കില്‍ പ്രിയങ്ക ഗാന്ധിയുടേതടക്കം രാജി ആവശ്യപ്പെടാത്തതെന്തെന്നുമാണ് ഒരു വിഭാഗം ചോദിക്കുന്നത്. 

നിര്‍ണ്ണായക നീക്കവുമായി ഗ്രൂപ്പ് 23 നീങ്ങുന്നതിനിടെയാണ് അടിയന്തര നടപടികളിലേക്ക് നേതൃത്വം കടന്നത്. ഗ്രൂപ്പ് 23 വിളിച്ച  യോഗത്തില്‍ പങ്കെടുക്കാന്‍ പിജെ കുര്യന്‍ ദില്ലിയിലെത്തി. പുനസംഘടന വരെ ഗാന്ധി കുടംബം എന്ന അനുനയ ഫോര്‍മുല ഗ്രൂപ്പ് 23 അനുസരിക്കും. പിന്നീട് നേതൃമാറ്റം വേണമെന്ന കടുത്ത നിലപാടിലാണ്. നേതൃത്വത്തിനെതിരായ നീക്കത്തിന് സംസ്ഥാനങ്ങളില്‍ പിന്തുണയേറുന്നുവെന്ന സന്ദേശം നല്‍കി നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് നീക്കം.

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്