Latest Videos

Sameer Wankhede| ആര്യൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ മാറ്റി, കേസ് ദില്ലി യൂണിറ്റിന്

By Web TeamFirst Published Nov 5, 2021, 8:09 PM IST
Highlights

 ആര്യൻ ഖാൻ കേസ് അടക്കം എൻസിബി മുംബൈ സോണൽ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളാണ് മാറ്റിയത്. 

മുംബൈ: നടൻ ഷാരൂഖ് ഖാന്റെ (Shah Rukh Khan) മകൻ ആര്യൻ ഖാൻ (Aryan Khan) ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ (Sameer Wankhede ) മാറ്റി. ആര്യൻ ഖാൻ കേസ് അടക്കം എൻസിബി മുംബൈ സോണൽ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളാണ് മാറ്റിയത്. ആര്യൻ ഖാൻ ഉൾപ്പെട്ട കേസ് സഞ്ജയ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള എൻസിബി സംഘമാകും ഇനി അന്വേഷിക്കുക. എൻസിബിയുടെ ദില്ലി ആസ്ഥാനം  നേരിട്ട് മേൽനോട്ടം വഹിക്കും. പുതിയ അന്വേഷണ സംഘം നാളെ മുംബൈയിൽ എത്തും. 

ഇതൊരു തുടക്കം മാത്രമാണെന്നായിരുന്നു സമീർ വാങ്കഡെയെ മാറ്റിയ നടപടിയോട് മഹാരാഷ്ട്ര എൻസിബി മന്ത്രി നവാബ് മാലിക്കിന്റെ പ്രതികരണം. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും എൻസിപി മന്ത്രി പറഞ്ഞു. സമീർ വാങ്കഡെയ്ക്ക് എതിരെ തുടർച്ചയായി വിമർശനങ്ങളുന്നയിച്ച മന്ത്രി, വാങ്കഡെയുടേത് ആഢംബര ജീവിതമാണെന്നും ഷാരുഖിൽ നിന്ന് പണം തട്ടാനാണ് ആര്യനെ കുടുക്കിയതെന്നുമായിരുന്നും ആരോപിച്ചിരുന്നു. പദവി ദുരുപയോ​ഗം ചെയ്ത് പലരിൽ നിന്നായി സമീർ വാങ്കഡെ  കൈക്കൂലി വാങ്ങിയതായും മന്ത്രി വിമർശിച്ചിരുന്നു. 

ആര്യൻ കേസുമായി ബന്ധപ്പെട്ട് സാക്ഷിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സമീർ വാങ്കഡെ ആഭ്യന്തര അന്വേഷണം നേരിടുകയാണ്. ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സമീർ വാങ്കഡയെ വിജിലൻസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്ത് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ. ആര്യൻ ഖാനിൽ നിന്ന് പിടിച്ച ലഹരി മരുന്ന് എൻസിബി ഉദ്യോഗസ്ഥർ തന്നെ  കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തൽ വന്നിട്ടുള്ളത്. എന്നാൽ സമീർ വാങ്കഡെയെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മറ്റൊരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത നടപടിക്കുള്ള പ്രതികാരമായി സമീർ വാങ്കെഡെയെ കുടുക്കുകയാണെന്നാണ് മറുഭാഗത്തിന്റെ വാദം. 

പിന്തുടര്‍ന്നത് മുസ്ലിം വിശ്വാസം, പള്ളികളിലും പോയിരുന്നു; സമീര്‍ വാങ്കഡേയ്ക്കെതിരെ ആദ്യ ഭാര്യാ പിതാവ്

ഷാരുഖ് ഖാനിൽ നിന്ന് 18 കോടിയെങ്കിലും തട്ടിയെടുക്കാനായിരുന്നു സമീ‌ർ വാങ്കഡെ അടക്കമുള്ളവരുടെ ശ്രമമെന്നാണ് കേസിലെ സാക്ഷികളിലൊരാൾ നടത്തിയ വെളിപ്പെടുത്തൽ. കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോവാസിയാണ് ഇടനില നിന്നതെന്നും പറയുന്നു. കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കൊണ്ട് പലരെയും ഫോണിൽ വിളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത്  വന്നിട്ടുണ്ട്. എൻസിബിയുടെ അഞ്ചം​ഗ വിജിലൻസ് സംഘമാണ് സമീറിൽ നിന്ന് നേരിട്ട് വിശദീകരണം തേടിയത്.

ആഡംബര കപ്പലിലെ ലഹരിവേട്ട; ഫാഷന്‍ ടിവി ഇന്ത്യ തലവനെ ചോദ്യം ചെയ്യും, സമീർ വാംഗഡെയ്ക്ക് എതിരെ ഒരു കേസ് കൂടി

click me!