
മുംബൈ: ആര്യൻ ഖാന്റെ (Aryan Khan) കസ്റ്റഡി കാലാവധി നീട്ടണമെന്ന് എൻസിബി (NCB) കോടതിയിൽ ആവശ്യപ്പെട്ടു. ഒക്ടോബർ 11 വരെ കസ്റ്റഡി നീട്ടണം എന്നാണ് ആവശ്യപ്പെട്ടത്. കേസിലെ പുതിയ അറസ്റ്റുകൾ അന്വേഷണത്തിലെ വഴിത്തിരിവെന്നും എൻസിബി കോടതിയെ അറിയിച്ചു.
ആര്യൻ ഖാന്റെ കസ്റ്റഡി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. ഏറ്റവും ഒടുവിൽ അറസ്റ്റിലായ അഞ്ചിത് കുമാർ ആര്യൻ ഖാന് കഞ്ചാവ് എത്തിച്ച് നൽകിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം. ഒരു വിദേശ പൗരനെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ അറിയിച്ചു. കോടതിയിൽ വാദം തുടരുകയാണ്.
അതിനിടെ ആര്യൻഖാനെതിരായ മയക്കുമരുന്ന് കേസ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോരിലേക്ക് നീങ്ങിയിട്ടുണ്ട്. ആര്യനെ കുടുക്കിയതാണെന്നും പിന്നിൽ ബിജെപിയാണെന്നും മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ചില തെളിവുകൾ സഹിതം ആരോപിച്ചിരുന്നു. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്ന വാദവുമായി പ്രതിരോധം തീർക്കുകയാണ് ബിജെപി.
ആര്യൻഖാനൊപ്പം അറസ്റ്റിലായവരെയും അർബാസ് മർച്ചന്‍റിന്‍റെ കയ്യും പിടിച്ച് ഈ വരുന്നത് എൻസിബി ഉദ്യോഗസ്ഥനായിരുന്നില്ല. ബിജെപി പ്രവർത്തകനായ ബാനുശാലിയാണിത്. പുറത്ത് നിന്ന് ഒരാൾ, അതും ബിജെപി പ്രവർത്തകൻ എങ്ങനെ റെയ്ഡിന്‍റെ ഭാഗമായെന്നാണ് നവാബ് മാലിക് ചോദിച്ചത്. ലഹരി ഉപയോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും കൂടുതൽ വിവരങ്ങൾക്കായി എൻസിബിയ്ക്കൊപ്പം പോയെന്നുമാണ് ബനുശാലിയുടെ മറുപടി. പക്ഷേ മുമ്പ് പലപ്പോഴും ഷാരൂഖുമായി ഇടഞ്ഞ ബിജെപിയെ ഇത്തവണ പ്രതിരോധത്തിലാക്കുന്നതായി ഈ സംഭവം.
എൻസിപിക്ക് പിന്നാലെ സഖ്യകക്ഷികളായ ശിവസേനയും കോൺഗ്രസും ബിജെപിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉയർത്തിക്കഴിഞ്ഞു. ഒരു സ്വകാര്യ ഡിറ്റക്ടീവും റെയ്ഡിന്‍റെ ഭാഗമായിരുന്നു. ഇയാൾ ആര്യൻഖാനൊപ്പം എടുത്ത ഫോട്ടോ വൈറലുമാണ്. ഉയർന്ന ഉദ്യോഗസ്ഥർ അറിഞ്ഞ്,അവർ തന്നെ നേരിട്ടെത്തി നടത്തി എന്ന് പറയുന്ന റെയ്ഡിൽ പുറത്ത് നിന്ന് ആളുകൾ എങ്ങനെ ഒപ്പം കൂടിയെന്ന് വ്യക്തമായ മറുപടി അന്വേഷണ സംഘം പറയേണ്ടി വരും. നിലവിൽ ആരോപണങ്ങളെല്ലാം ഒരുപോലെ തള്ളുകയാണ് എൻസിബിയും ബിജെപിയും. മുൻപ് നവാബ് മാലിക്കിന്‍റെ മരുമകനെ എൻസിബി അറസ്റ്റ് ചെയ്തത് ഓർമിപ്പിച്ചാണ് പ്രതിരോധം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam