
ദില്ലി: മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള പാഠ്യഭാഗങ്ങൾ ഇനി സിബിഎസ്ഇ 12ാം ക്ലാസ് സിലബസിൽ ഉണ്ടാവില്ല. പന്ത്രണ്ടാംക്ലാസിലെ ചരിത്രപാഠപുസ്തകം ‘തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി’- പാർട്ട് രണ്ടിലെ മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങളാണ് സിലബസിൽ നിന്ന് നീക്കിയത്. എൻസിഇആർടി പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചതിന്റെ ഭാഗമായാണ് മാറ്റം.
10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എൻസിഇആർടി പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും മാറ്റം ബാധകമായിരിക്കും. അടുത്ത അധ്യയനവർഷം മുതലാണ് പുതിയ സിലബസ് പ്രാബല്യത്തിൽ വരിക. പന്ത്രണ്ടാംക്ലാസിലെ ചരിത്രപാഠപുസ്തകം ‘തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററിയിലെ ‘കിങ്‌സ് ആൻഡ് ക്രോണിക്കിൾസ്’; ‘ദി മുഗൾ കോർട്ട്‌സ്’ എന്നീ അധ്യായങ്ങളാണ് ഒഴിവാക്കിയത്. പന്ത്രണ്ടാംക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്. ‘അമേരിക്കൻ ഹെജിമണി ഇൻ വേൾഡ് പൊളിറ്റിക്സ്’, ‘കോൾഡ് വാർ ഇറ’ എന്നീ രണ്ട് അധ്യായങ്ങളാണ് ഒഴിവാക്കിത്. പന്ത്രണ്ടാം ക്ലാസിലെ ‘ഇന്ത്യൻ പൊളിറ്റിക്സ് ആഫ്റ്റർ ഇൻഡിപെൻഡൻസ്’ എന്ന പുസ്തകത്തിൽനിന്ന് ‘റൈസ് ഓഫ് പോപ്പുലർ മൂവ്‌മെന്റ്‌സ്, ‘ഇറ ഓഫ് വൺ പാർട്ടി ഡോമിനൻസ്’ എന്നീ രണ്ട് അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദി പുസ്തകങ്ങളിൽനിന്ന് ചില കവിതകളും ഖണ്ഡികകളും ഒഴിവാക്കിയിട്ടുണ്ട്.
പത്താംക്ളാസിലെ ‘ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്’ പുസ്തകത്തിൽനിന്ന് ‘ഡെമോക്രസി ആൻഡ് ഡൈവേഴ്‌സിറ്റി’, ‘പോപ്പുലർ സ്ട്രഗിൾസ് ആൻഡ് മൂവ്‌മെന്റ്‌സ്’, ‘ചാലഞ്ചസ് ഓഫ് ഡെമോക്രസി’ എന്നീ അധ്യായങ്ങളും ഒഴിവാക്കി. ‘തീംസ് ഇൻ വേൾഡ് ഹിസ്റ്ററി’ എന്ന പതിനൊന്നാം ക്ലാസിലെ പുസ്തകത്തിൽനിന്ന് ‘സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്‌സ്’, ‘ക്ലാഷ് ഓഫ് കൾച്ചേഴ്‌സ്’, ‘ഇൻഡസ്ട്രിയൽ റെവലൂഷൻ’ തുടങ്ങിയ അധ്യായങ്ങളും നീക്കി.
മുഗൾ ഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങൾ നേരത്തേ സിബിഎസ്ഇയും ഒഴിവാക്കിയിരുന്നു. ഇസ്‌ലാമിക ചരിത്രം സംബന്ധിച്ച‘സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്‌സ്’ എന്ന പാഠഭാഗവും പതിനൊന്നാംക്ലാസിലെ സിലബസിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം സിബിഎസ്ഇ ഒഴിവാക്കിയിരുന്നു. സിബിഎസ്ഇ സ്കൂളുകൾക്ക് പുറമേ ചിലയിടങ്ങളിൽ സ്റ്റേറ്റ് ബോർഡ് സ്കൂളുകളും പിന്തുടരുന്നത് എൻസിഇആർടി സിലബസാണ്. മറ്റ് വിഷയങ്ങളിലെ പാഠപുസ്തകങ്ങളിലോ മറ്റ് ക്ലാസുകളിലോ സമാന പാഠഭാഗങ്ങൾ ഉള്ളതിനാലാണ് പുതിയ സിലബസിൽ പലതും ഒഴിവാക്കിയിരിക്കുന്നതെന്നാണ് എൻസിഇആർടി നൽകുന്ന വിശദീകരണം.
Read Also: കുനോയിലെ ചീറ്റക്കുഞ്ഞുങ്ങൾക്ക് പേരിടാം; പൊതുജനത്തിന് അവസരം നൽകി കേന്ദ്ര സർക്കാർ