
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളെ ഒരേ വേദിയിലെത്തിച്ച് ഡിഎംകെ. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ വർഷം രൂപീകരിച്ച സാമൂഹിക നീതിക്കായുള്ള ദേശീയ ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിലാണ് പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചത്.
ബിജെപി സർക്കാരിന് കീഴിൽ ബിജെപിയിതര സംസ്ഥാനങ്ങൾ നേരിടുന്ന സാമൂഹിക നീതി നിഷേധത്തിന് എതിരായ പ്ലാറ്റ്ഫോം എന്ന നിലയിലാണ് ഡിഎംകെ യോഗം വിളിച്ചത്. വിവിധ പ്രതിപക്ഷ കക്ഷികളെ പ്രതിനിധീകരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഝാർഘണ്ട് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, ഇ ടി മുഹമ്മദ് ബഷീർ, വൈക്കോ എന്നിങ്ങനെ ഒട്ടെല്ലാ ബിജെപിയിതര കക്ഷികളും യോഗത്തിനെത്തി. സാമൂഹിക നീതി ഒരു സംസ്ഥാനത്തിന്‍റേയോ ഒരു കൂട്ടം സംസ്ഥാനങ്ങളുടെയോ ആവശ്യമല്ല രാജ്യത്തിന്‍റെ ആവശ്യമാണെന്ന് എംകെസ്റ്റാലിൻ പറഞ്ഞു.
ദേശീയ ജാതി സെൻസസ് ഉടൻ നടത്തണം എന്ന ആവശ്യമാണ് പങ്കെടുത്തവരിൽ മിക്കവരും പൊതുവായി ഉയർത്തിയത്. പക്ഷേ ഇതൊരു രാഷ്ട്രീയ കൂട്ടായ്മയാണെന്നു തന്നെ തുറന്നു പറയണമെന്ന് തൃണമൂൽ കോൺഗ്രസിനുവേണ്ടി യോഗത്തിൽ പങ്കെടുത്ത ഡെറിക് ഒബ്രിയാൻ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ബിജെപിയെ തുറന്ന് എതിർക്കേണ്ട രാഷ്ട്രീയ സന്ദർഭമാണെന്നും ബിജു ജനതാദളും വൈഎസ്ആർ കോൺഗ്രസും ആ നിലപാടിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കേണ്ട അനിവാര്യതയെപ്പറ്റി സിപിഎമ്മിനു വേണ്ടി സീതാറാം യെച്ചൂരിയും സിപിഐക്കുവേണ്ടി ഡി രാജയും സംസാരിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായല്ല യോഗം വിളിച്ചതെന്നാണ് ഡിഎംകെയുടെ വിശദീകരണം. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്ന സന്ദേശമാണ് പ്രതിപക്ഷ കക്ഷികളെയെല്ലാം വിളിച്ചുകൂട്ടിയ യോഗത്തിലൂടെ സ്റ്റാലിൻ നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam