
മുംബൈ: അത്യന്തം നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര ആര് ഭരിക്കും എന്നറിയാന്‍ ഒരു ദിവസം കൂടി. സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്ക് നൽകിയ സമയം അവസാനിച്ചതിന് പിന്നാലെ എൻസിപിയെ ഗവർണർ ക്ഷണിച്ചതോടെ പുതിയ നീക്കങ്ങള്‍ ശക്തമാകുകയാണ്. മൂന്നാമത്തെ വലിയ കക്ഷി എന്ന നിലയിലാണ് എൻസിപിക്ക് ഗവര്‍ണറുടെ ക്ഷണം ലഭിച്ചത്. ഇന്ന് രാത്രി വരെയാണ് എൻസിപിക്ക് ഗവര്‍ണര്‍ സമയമനുവദിച്ചിട്ടുള്ളത്.
കോൺഗ്രസുമായി ചർച്ച നടത്തുന്നുമെന്നും ഇതിന് ശേഷം അന്തിമ തീരുമാനത്തിലേക്ക് എത്തുമെന്നുമാണ് എൻസിപി വക്താവ് നവാബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിൽ സുസ്ഥിര ഭരണം കൊണ്ട് വരാൻ ശ്രമിക്കുമെന്ന് എൻസിപി അവകാശപ്പെടുന്നു. ശരത് പവാർ കോൺഗ്രസ് നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ് അറിയുന്നത്. അതേസമയം കോൺഗ്രസിനും എൻസിപിക്കും സേനയ്ക്കുമിടയിൽ സമവായമായില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ബിജെപിയുമായി തെറ്റിപിരിഞ്ഞ സേന, എന്‍സിപിയെ സഹായിക്കുമോയെന്ന് കണ്ടറിയണം.
ബിജെപി പിന്മാറിതോടെ പ്രതിപക്ഷത്തെയും ഒപ്പം കൂട്ടി സർക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ കുതിപ്പ് രാജ്ഭവനിൽ അവസാനിക്കുകയായിരുന്നു. കോൺഗ്രസിന്‍റെയും എൻസിപിയുടെ പിന്തുണയുണ്ടെന്നും അത് തെളിയിക്കുന്ന കത്ത് സമർപ്പിക്കാൻ മൂന്ന് ദിവസത്തെ സാവകാശം വേണമെന്നും ആദിത്യ താക്കറെയുടെ നേതൃത്വത്തിലെത്തിയ സേനാ സംഘം ആവശ്യപ്പെട്ടു. 2014ൽ സമാന സാഹചര്യത്തിൽ ബിജെപിക്ക് നൽകിയ ഇളവ് രാജ്ഭവൻ സേനയ്ക്ക് നൽകിയില്ല. സർക്കാരുണ്ടാക്കാൻ പിന്നാലെ എൻസിപിയെ ക്ഷണിക്കുകയും ചെയ്തതോടെ സേനയുടെ മുന്നിലെ വാതിലുകള്‍ താത്കാലികമായി അടയുകയായിരുന്നു.
മഹാരാഷ്ട്രയിൽ എൻസിപി - ശിവസേന സഖ്യത്തിന് പിന്തുണ നൽകുന്ന കാര്യത്തിൽ കോൺഗ്രസ് അന്തിമ തീരുമാനം കൈകൊണ്ടിരുന്നില്ല. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളുമായും ശരത് പവാറുമായി വിശദമായ ചർച്ച നടത്തിയെന്നും എൻസിപിയുമായി ഇനിയും ചർച്ചകൾ നടത്തുമെന്നുമാണ് കോൺഗ്രസ് അറിയിക്കുന്നത്.
മാരത്തൺ ചർച്ചകൾക്കും ഫോൺകോളുകൾക്കും ശേഷം ചിത്രം തെളിഞ്ഞുവെന്ന തോന്നലുണ്ടായ ശേഷമാണ് മഹാരാഷ്ട്രയിലെ രാഷട്രീയ കാലാവസ്ഥ വീണ്ടും അപ്രവചനീയാവസ്ഥയിലേക്ക് നീങ്ങിയത്.
കണക്കിലെ കളിയെന്ത്?
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് 44 സീറ്റുകളാണ് ഉള്ളത്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം ഇടിഞ്ഞതാണ് ബിജെപിയ്ക്ക് ക്ഷീണമായത്. 2014-ൽ ബിജെപിയ്ക്ക് 47 ലക്ഷം വോട്ടുകളും 122 സീറ്റും കിട്ടിയെങ്കിൽ ഇത്തവണ 41 ലക്ഷം വോട്ടുകളും 105 സീറ്റുകളുമായി ഇടിഞ്ഞു. ബിജെപിയുടെ ഈ ക്ഷീണം കണക്കിലെടുത്ത്, സഖ്യത്തിലെ 'വല്യേട്ട'നോട് 50:50 ഫോർമുല വേണണമെന്ന് ശിവസേന വിലപേശിയതോടെയാണ് സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. അഞ്ച് വർഷത്തിൽ രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം തുല്യമായി വീതം വയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാട് ബിജെപി സ്വീകരിച്ചതോടെയാണ് പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം അവസാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam