
മുംബൈ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ശക്തമായി പ്രതികരിച്ച് എൻ സി പി അധ്യക്ഷൻ ശരത് പവാർ രംഗത്ത്. ട്രെയിൻ ദുരന്തത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്നും പവാർ ആവശ്യപ്പെട്ടു. ജവാഹർലാൽ നെഹ്റും പ്രധാനമന്ത്രിയായിരുന്ന കാലത്തെ ട്രെയിനപകടം ഉദാഹരണമായി ചൂണ്ടികാട്ടിയാണ് അദ്ദേഹം രംഗത്തെത്തിയത്. നെഹ്റുവിന്‍റെ കാലത്ത് ട്രെയിൻ അപകടം ഉണ്ടായപ്പോൾ അന്ന് റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹാദുർ ശാസ്ത്രി രാജിവച്ച കാര്യമാണ് പവാർ ചൂണ്ടികാട്ടിയത്.
ശാസ്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു നെഹ്റു. ശാസ്ത്രിയുടെ രാജി തീരുമാനത്തെ നെഹ്റു എതിർക്കുകയും ചെയ്തു. എന്നാൽ നെഹ്റുവിന്‍റെ എതിർപ്പിനിടയിലും രാജി തീരുമാനവുമായി ശാസ്ത്രി മുന്നോട്ട് പോകുകയായിരുന്നു. ട്രെയിൻ ദുരന്തത്തിന്‍റെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് ശാസ്ത്രി രാജിവച്ചതെന്നും പവാർ കൂട്ടിച്ചേർത്തു. ധാർമ്മിക ഉത്തരവാദിത്വം മോദിക്കും അശ്വനി വൈഷ്ണവിനും ബാധകമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്നും എൻ സി പി അധ്യക്ഷൻ ആവശ്യപ്പെട്ടു.
നേരത്തെ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും റെയില്‍വേ മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ലാല്‍ ബഹദൂർ ശാസ്ത്രി, നിതീഷ് കുമാർ, മാധവറാവു സിന്ധ്യ എന്നിവരെ പോലെ അശ്വിനി വൈഷ്ണവും രാജിവെക്കണമെന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടത്. റെയിൽവേ മന്ത്രിയുടെ രാജി പ്രധാനമന്ത്രി ആവശ്യപ്പെടണണമെന്ന് കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേർത്തു. പല മുന്നറിയിപ്പുകളും ഉണ്ടായിട്ടും സിഗ്നിലിങ് സിസ്റ്റത്തില്‍ ഉണ്ടായ വീഴ്ച കുറ്റകരമാണെന്നും സ്വാഭാവിക ദുരന്തമല്ല ഉണ്ടായതെന്നും ഉപേക്ഷ കൊണ്ട് ഉണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണെന്നും പവന്‍ഖേര കുറ്റപ്പെടുത്തി. ദുരന്തത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് പ്രധാനമന്ത്രിക്കും മാറിനിൽക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam