
ദില്ലി: പിഞ്ചുകുഞ്ഞിനെ കസേരയിൽ കെട്ടിയിട്ട് 'ജയ് ശ്രീറാം' വിളിപ്പിക്കുന്ന വീഡിയോ സംബന്ധിച്ച് അന്വേഷിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷൻ ദില്ലി പൊലീസിന് നിര്‍ദേശം നല്‍കി. വീഡിയോയുടെ നിജസ്ഥിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കർണാടക മഹിളാ കോൺഗ്രസ് കഴിഞ്ഞ ശനിയാഴ്ച ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
58 സെക്കന്‍റ് ദൈർഘ്യമാണ് വീഡിയോക്കുള്ളത്. ഏകദേശം ഒരുവയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെയാണ് കസേരയിൽ കെട്ടിയിട്ട് ഒരാള്‍ ജയ് ശ്രീറാം വിളിക്കൂവെന്ന് നിര്‍ബന്ധിക്കുന്നത്. കരയുന്ന കുഞ്ഞിനെ ഇയാള്‍ മുഖത്ത് തട്ടുകയും തല്ലുകയും ചെയ്യുന്നു. തല്ലിയതിനെ തുടര്‍ന്ന് കുഞ്ഞ് കരയുന്നതും വീഡിയോയില്‍ കാണാം.
കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്താണ് മഹിളാ കോൺഗ്രസ് വീഡിയോ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്തത്. ചെറിയ കുഞ്ഞിനെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയാണ്. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ താങ്കൾ എന്തിനാണ് മന്ത്രിയായി ഇരിക്കുന്നതെന്നും മഹിളാ കോണ്‍ഗ്രസ് വിമര്‍ശിച്ചു. യു എസ് മാധ്യമപ്രവർത്തകന്‍ സി ജെ വെർലിമാൻ വീഡിയോ ഏറ്റെടുത്തതോടെ ലോകമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. അമേരിക്കയിലെ മാധ്യമപ്രവർത്തകനായ പാക്കിസ്ഥാന്‍ വംശജന്‍ സെയ്ൻ ഖാന്‍റെ ഫേസ്ബുക് പേജിൽ നിന്നാണ് വെർലിമാൻ വീഡിയോ കോപ്പി ചെയ്തത്. മുസ്‌ലിം കുഞ്ഞിനെയാണ് ജയ്ശ്രീറാം വിളിപ്പിക്കുന്നതെന്നാണ് സെയ്ന്‍ ഖാന്‍റെ ആരോപണം.
അതേസമയം, വീഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല. ആരാണ് വീഡിയോ എടുത്തതെന്നും എവിടെ വെച്ച് ചിത്രീകരിച്ചതാണെന്നോ കുട്ടി ആരുടേതാണെന്നോ വ്യക്തമല്ല. ഹിന്ദിയാണ് സംസാരിക്കുന്നതെന്ന് മാത്രമാണ് വ്യക്തം. ആധികാരികമെന്ന് ഉറപ്പില്ലാത്ത വീഡിയോ പ്രചരിപ്പിച്ച വെർലിമാനെതിരെ ആൾട്ട്‌ന്യൂസ് സ്ഥാപകൻ പ്രതീക് സിൻഹയടക്കമുള്ളവർ രംഗത്തെത്തി.
വീഡിയോ വ്യാജമാണെന്ന് ഒരുവിഭാഗം ആരോപിച്ചു. ആഴ്ചകളായി വാട്ട്‌സാപ്പിലും മറ്റും പ്രചരിക്കുന്നുണ്ടെന്നും വ്യാജമാണെന്നുമാണ് ഇവരുടെ വാദം. വീഡിയോയുടെ ഉറവിടം വ്യക്തമായാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ബി ജെ പി സോഷ്യൽ മീഡിയ ദേശീയ ചുമതല വഹിക്കുന്ന പ്രീതി ഗാന്ധി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam