
മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സർക്കാറിന്റെ മുന്നേറ്റം അമ്പരപ്പിക്കുന്നതാണെന്ന് വിലയിരുത്തൽ. വെറും എട്ട് മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരം നിലനിർത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ വെറും 17 സീറ്റ് മാത്രമാണ് ബിജെപി സഖ്യത്തിന് നേടാൻ കഴിഞ്ഞത്. 48 ലോക്സഭാ സീറ്റിൽ 17 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. 2019ൽ 41 സീറ്റുകൾ നേടിയ സ്ഥാനത്തുനിന്നാണ് 17 എണ്ണത്തിലേക്കുള്ള കൂപ്പുകുത്തൽ.
പ്രതിപക്ഷമായ ഇന്ത്യാ മുന്നണിക്കാകട്ടെ മികച്ച നേട്ടമുണ്ടാക്കാനും കഴിഞ്ഞു. 30 സീറ്റുകൾ നേടി ഇന്ത്യാ മുന്നണി കരുത്തുകാട്ടി. എന്നാൽ, വെറും എട്ട് മാസത്തിനിപ്പുറം നടന്ന തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ മാറി മറിഞ്ഞു. വിജയ പ്രതീക്ഷയുമായെത്തിയ ഇന്ത്യാ മുന്നണി അടപടലം പരാജയപ്പെടുകയും മഹായുതി സഖ്യം അപ്രതീക്ഷിത വിജയം നേടുകയും ചെയ്തു. എക്സിറ്റ് പോളുകൾ എൻഡിഎ മുന്നണിയുടെ വിജയം പ്രവചിച്ചെങ്കിലും തൂത്തുവാരൽ ആരും പ്രതീക്ഷിച്ചില്ല.
ഒടുവിൽ വിവരങ്ങൾ പുറത്തുവരുമ്പോൾ 229 സീറ്റിൽ മഹായുതി സഖ്യം മുന്നേറുകയാണ്. സമസ്ത മേഖലയിലും ബിജെപി സഖ്യം കടന്നുകയറി. ഉദ്ധവ് വിഭാഗം ശിവസേനയുടെയും എൻസിപി (ശരദ് പവാർ), കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലേക്ക് ബിജെപിയും സഖ്യകക്ഷികളും കടന്നുകയറി. കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 53 സീറ്റിൽ മാത്രമാണ് മുന്നിൽ. ബിജെപിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളിൽ 124ലും ബിജെപി ലീഡ് ചെയ്യുന്നു.
ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുൻനിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്. ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിൻ്റെ എൻസിപിയും മുന്നേറി. ഇതോടെ ലോക്സഭയിലേറ്റ തിരിച്ചടിയുടെ നാണക്കേടും മാറ്റാനായി. ഷിൻഡേ ശിവസേന മത്സരിക്കുന്ന 81ൽ 55ലും അജിത് പവാറിൻ്റെ എൻസിപി 59ൽ 38ലും മുന്നിലാണ്. അതേസമയം, 101 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 20 എണ്ണത്തിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്. ശരദ് പവാറിൻ്റെ എൻസിപി 86-ൽ 19-ലും താക്കറെ സേന 95-ൽ 13-ലും മുന്നിലാണ്. ഉദ്ധവ് താക്കറേക്ക് കനത്ത തിരിച്ചയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. യഥാർഥ ശിവസേന തങ്ങളാണെന്ന് തെളിയിക്കാനാണ് താക്കറെ ശിവസേന അരയും തലയും മുറുക്കി രംഗത്തെത്തിയത്.
എന്നാൽ മത്സരത്തിൽ കനത്ത തിരിച്ചടിയാണ് അവർക്കുണ്ടായത്. മത്സരിച്ച 95 സീറ്റിൽ 13 എണ്ണത്തിൽ മാത്രമാണ് അവർക്ക് മുന്നേറാൻ കഴിഞ്ഞത്. ശക്തികേന്ദ്രമായ മുംബൈയിൽ പോയി തിരിച്ചടിയുണ്ടായി. ബുധനാഴ്ച അവസാനിച്ച പോളിംഗിൽ 65.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ഇനി മുഖ്യമന്ത്രി ചർച്ചയായിരിക്കും ശ്രദ്ധാകേന്ദ്രം. ഒറ്റക്ക് തന്നെ ഭൂരിപക്ഷത്തിനടുത്തെത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കുമെന്നതിൽ സംശയമില്ല. ഫഡ്നവിസ് തന്നെയായിരിക്കും പരിഗണനയിൽ മുന്നിൽ. എന്നാൽ, കഴിഞ്ഞ തവണ ശിവസേനയെ പിളർത്താൻ ഷിൻഡെയെ ഉപയോഗിച്ചതിന്റെ പ്രതിഫലമായിട്ടായിരുന്നു ഏക്നാഥ് ഷിൻഡെക്ക് നൽകിയ മുഖ്യമന്ത്രി സ്ഥാനം. ഏക്നാഥ് ഷിൻഡെയെ മുൻനിർത്തി തെരഞ്ഞെടുപ്പ് നേരിട്ടതിനാലാണ് വൻവിജയമെന്ന് അവകാശ വാദമുന്നയിച്ച് ഷിൻഡെ വിഭാഗം രംഗത്തെത്തുമോ എന്നതാണ് ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam