നീറ്റ്, ജെഇഇ പരീക്ഷകൾക്ക് മാറ്റമില്ല; നിശ്ചയിച്ച സമയത്ത് തന്നെ പരീക്ഷ നടക്കുമെന്ന് സുപ്രീംകോടതി

By Web TeamFirst Published Aug 17, 2020, 12:38 PM IST
Highlights

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വാക്കാല്‍ പരാമര്‍ശിച്ചു.

ദില്ലി: നീറ്റ്, ജെഇഇ പ്രവേശന പരീക്ഷ തിയതികൾ മാറ്റില്ലെന്ന് സുപ്രീംകോടതി. കുട്ടികളുടെ ഭാവി അപകടത്തിലാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയും അടച്ചിടുന്നതിനോട് യോജിപ്പില്ലെന്ന് കോടതി വാക്കാൽ പരാമര്‍ശം നടത്തി.

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് സെപ്റ്റംബര്‍ 13 നും ഐഐടി ഉൾപ്പടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ജോയിന്‍റ്  എൻട്രൻസ് പരീക്ഷ സെപ്റ്റംബര്‍ 1 മുതൽ 6 വരെയും നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. കൊവിഡ് സാഹചര്യത്തിൽ നീറ്റ് രണ്ട് തവണ മാറ്റിവെച്ചതാണ്. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പരീക്ഷ തിയതി വീണ്ടും മാറ്റണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. നിശ്ചയിച്ച സമയം ഇനി മാറ്റേണ്ടെന്ന് കോടതി പറഞ്ഞു. ഇനിയും എത്രകാലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതുപോലെ അടച്ചിടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യമെന്ന് കോടതി ചോദിച്ചു. കൊവിഡ് ചിലപ്പോൾ ഒരു വര്‍ഷം വരെ ഇനിയും തുടര്‍ന്നേക്കും. അത്രയും കാലം കുട്ടികളുടെ പഠിപ്പ് മുടക്കുകയാണോ വേണ്ടത്. കോടതി തുറന്ന് പ്രവര്‍ത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു, അപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുത് എന്ന് പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. 

Also Read: നീറ്റ്, ജെഇഇ മെയിൻ പരീക്ഷാ പരിശീലനം; കേന്ദ്രസർക്കാരിന്റെ നാഷണൽ ടെസ്റ്റ് അഭ്യാസ് ആപ്പ്

കുട്ടികളുടെ ഭാവിയെ കുറിച്ച് ചിന്തിക്കണം. ആരുടെയും ജീവിതം തടസ്സപ്പെടുത്താനാകില്ല. എല്ലാ ജാഗ്രതയോടെയും മുന്നോട്ടുപോവുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതി വാക്കാൽ പരാമര്‍ശം നടത്തി. യു.ജി.സി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലും നാളെ സുപ്രീംകോടതി തീരുമാനം എടുത്തേക്കും. നീറ്റ പരീക്ഷകൾക്ക് രാജ്യത്തിന് പുറത്ത് പരീക്ഷ കേന്ദ്രങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വരുന്ന വെള്ളിയാഴ്ചയും കോടതി പരിഗണിക്കും.

click me!