ദില്ലി: നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷാ പരിശീലനത്തിനായി ആപ്പ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. മെയ് 19ന് പുറത്തിറക്കിയ നാഷണല്‍ ടെസ്റ്റ് അഭ്യാസ് ആപ്പ് രണ്ടുമാസത്തിനിടെ ഡൗണ്‍ലോഡ് ചെയ്തത് 13 ലക്ഷത്തിലേറെ തവണയാണ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ആപ്ലിക്കേഷന്‍ മാനേജ് ചെയ്യുന്നത്.

പത്തര ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ആപ്പില്‍ സൈന്‍ അപ്പ് ചെയ്ത് ടെസ്റ്റുകള്‍ക്ക് എന്റോള്‍ ചെയ്തിട്ടുള്ളത്. ഇതുവരെ ഡൗണ്‍ലോഡ് ചെയതതില്‍ 50 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ ടെസ്റ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഹിന്ദിയിലും ടെസ്റ്റുകള്‍ ലഭ്യമാണ്. പൂന, ലഖ്‌നൗ, ജയ്പൂര്‍, പാട്‌ന, ഹൈദരാബാദ്, ഡല്‍ഹി, ഇന്ദോര്‍, ചെന്നൈ, ബെഗളൂരു നഗരങ്ങളില്‍ 50,000-ത്തിലെ തവണ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാണെങ്കിലും ഗ്രാമീണ മേഖലകളില്‍ ഉപയോക്താക്കളുടെ എണ്ണം കുറവാണെന്നത് ആശങ്കാജനകമാണ്. 

മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നേടാന്‍ നിര്‍മിതബുദ്ധി അധിഷ്ഠിതമായ മൊബൈല്‍ ആപ്ലിക്കേഷന്‍ (ആപ്പ്) ആണ് നാഷണല്‍ ടെസ്റ്റ് അഭ്യാസ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അവരുടെ വീടുകളില്‍ ഇരുന്നുകൊണ്ടുതന്നെ, മൊബൈല്‍ വഴി മോക് ടെസ്റ്റുകളില്‍ പങ്കെടുക്കാം.