
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പാറ്റ്നയിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരാണ് പിടിയിലായത്. അതേസമയം, നീറ്റ് പിജി പരീക്ഷ സമയബന്ധിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. നീറ്റ് പി ജി പരീക്ഷ നടത്തുന്നത് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ആണ്. പരീക്ഷ മാറ്റിവച്ചത് വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്ന് എൻബിഇയെ അറിയിച്ചതായി ഐഎംഎ വെളിപ്പെടുത്തി.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് ആവശ്യപ്പെട്ടു. പരീക്ഷയെഴുതിയവരിൽ കൂടുതലും ദരിദ്രരായ വിദ്യാർത്ഥികൾ ആണെന്നും ക്രമക്കേട് ഒറ്റപ്പെട്ട സംഭവമാണെന്ന കേന്ദ്രത്തിന്റെ പ്രസ്താവന അപലപനീയം ആണെന്നും ബി വി ശ്രീനിവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരീക്ഷ ക്രമക്കേടിനെ തുടർന്ന് യൂത്ത് കോൺഗ്രസ് ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam