നീറ്റ് തട്ടിപ്പ്: തമിഴ്നാട്ടിലെ മുഴുവന്‍ ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശനങ്ങളില്‍ ഡയറക്ടറേറ്റ് പരിശോധന

By Web TeamFirst Published Oct 15, 2019, 1:04 AM IST
Highlights
  • തമിഴ്നാട്ടിലെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലെയും ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശനങ്ങളില്‍ പരിശോധന
  • സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയ അധ്യാപകരെ സിബിസിഐഡി ചോദ്യം ചെയ്തു
  • തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടരുന്നു

ചെന്നൈ: നീറ്റ് തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലെയും ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശനങ്ങളില്‍ മെഡിക്കല്‍ ഡയറക്ടറേറ്റ് പരിശോധന തുടങ്ങി. സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയ അധ്യാപകരെ സിബിസിഐഡി ചോദ്യം ചെയ്തു. അതേസമയം തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടരുകയാണ്.

തമിഴ്നാട് മെഡിക്കല്‍ ഡയറക്ടറേറ്റ് നിയോഗിച്ച പ്രത്യേക സംഘമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയടക്കം മുഴുവന്‍ ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശനങ്ങളും പരിശോധിക്കുന്നത്. തേനി, ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ചെന്നൈ എസ്ആര്‍എം, സത്യസായ് മെഡിക്കല്‍ കോളേജ്, കാഞ്ചീപുരം സവിത മെഡിക്കല്‍ കോളേജ് എന്നിവടങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അനധികൃതമായി പ്രവേശനം നേടിയതിന്‍റെ രേഖകള്‍ ക്രൈബ്രാഞ്ചിന് ലഭിച്ചിരുന്നു.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ കൈവശമുള്ള രേഖകളുമായി ഒത്തുനോക്കിയാണ് പരിശോധന. സര്‍ട്ടിഫിക്കറ്റില്‍ ക്രമക്കേട് കണ്ടെത്തതിയതിനെ തുടര്‍ന്ന് കാഞ്ചീപുരം മെഡിക്ക്ല്‍ കോളേജില്‍ പ്രവേശനം നേടിയ എംബിബിഎസ് വിദ്യാര്‍ത്ഥി പ്രിയങ്ക , മാതാവ് മൈനാവതി എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

കര്‍ണാടകയിലെ ചില സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റുകള്‍, ആള്‍മാറാട്ടത്തിലൂടെ പരീക്ഷ എഴുതി ജനറല്‍ സീറ്റ് മാനേജ്മെന്‍റ് ക്വോട്ടയിലാക്കി, വിറ്റതിന്‍റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വരയുടെ കുടുംബ ട്രസ്റ്റിന്‍റെ കീഴിലുള്ള മെഡിക്കല്‍ കോളേജും നിരീക്ഷണത്തിലാണ്. 

അതേസമയം കഴിഞ്ഞ ദിവസം മുപ്പത് കോടി രൂപ പിടിച്ചെടുത്ത എസ്എസ് വിഎം ഗ്രൂപ്പിന്‍റെ നാമക്കലിലെയും കരൂരിലെയും എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററുകളില്‍ ആദായനികുതി വകുപ്പ് ഇന്ന് പരിശോധന നടത്തി. 50 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പിന്‍റെ രേഖകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. 

click me!