
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച ഇത്രയും വലിയൊരു വിഷയത്തിൽ പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇപ്പോഴും നിശബ്ദത പാലിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാർഥികൾ ആത്മഹത്യ ചെയ്തതടക്കം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി സർക്കാരിനെതിരായ നിലപാട് കടുപ്പിച്ചു. വിദ്യാർത്ഥികളെ കൊല ചെയ്തത് സർക്കാരെന്ന് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ സിക്കറിൽ നീറ്റ് എഴുതിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് കാരണം പരീക്ഷ റദ്ദാക്കിയതിലള്ള മനോവിഷമം ആണെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. നീറ്റ് പരീക്ഷ എഴുതിയ പ്രദീപ് മേഘ് വാൾ ആണ് ജീവനൊടുക്കിയത്. വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ കേന്ദ്രത്തെ വിമർശിച്ച രാഹുൽ ഗാന്ധി വിദ്യാർഥികളെ കൊല ചെയ്തത് സർക്കാരാണെന്ന് കുറ്റപ്പെടുത്തി. വിഷയം പാർലമെന്റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നീറ്റ് പരീക്ഷ റദ്ദാക്കിയിട്ട്, ദിവസങ്ങൾ പിന്നിട്ടിട്ടും മോദി പ്രതികരിക്കാത്തതിലാണ് രാഹുൽ ചോദ്യം ഉയർത്തിയത്.
അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്രസർക്കാരും എൻ ടി എയും. ചോദ്യപേപ്പർ തയ്യാറാക്കൻ ദേശീയ പരീക്ഷ ഏജൻസി നിയോഗിച്ച പാനലിലെ രസതന്ത്ര അധ്യാപകൻ പിവി കുൽക്കർണി, ബയോളജി അധ്യാപിക മനീഷാ ഗുരുനാഥ് എന്നിവർ പിടിയിലായതോടെ കള്ളൻ എൻ ടി എക്കുള്ളിലാണെന്ന് വ്യക്തമായിരിക്കുകയാണ്. സുവോളജി ബോട്ടണി പേപ്പറുകൾ തയ്യാറാക്കിയ സംഘത്തിലെ അംഗമാണ് ഈ അധ്യാപിക. പൂനെയിലും നാസിക്കിലുമായി നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് ഇവരാണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്ന് സി ബി ഐ വ്യക്തമാക്കുന്നു. പാനലിലുള്ള അധ്യാപകരുടെ അറസ്റ്റ് എൻ ടി എയുടെ സംവിധാനങ്ങളെ തന്നെയാണ് ചോദ്യമുനയിൽ നിർത്തിയിരിക്കുയാണ്. എൻ ടി എയിലെ ചില ഉന്നതരിലേക്കും അന്വേഷണം നീളുന്നു എന്നാണ് വിവരം. കേരളം അടക്കം മറ്റ് ഏഴ് സംസ്ഥാനങ്ങളിലേക്കും ചോർച്ചയുടെ കണ്ണികൾ നീങ്ങുകയാണ്. ചോദ്യങ്ങൾ പരിഭാഷപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. ചില കോച്ചിംഗ് സെന്ററുകളും സി ബി ഐ റഡാറിലുണ്ട്. കേരളത്തിൽ പത്തനംതിട്ടയിൽ ചില കേന്ദ്രങ്ങളിലും സംസ്ഥാന ഇൻറിലജൻസിന്റെ അടക്കം പരിശോധന നടന്നിട്ടുണ്ട്. വിവാദത്തിനിടെ എൻ ടി എയിലേക്ക് നാല് ഉദ്യോഗസ്ഥരെ കൂടി കേന്ദ്രം നിയമിച്ചു. രണ്ട് ജോയിന്‍റ് സെക്രട്ടറിമാരെയും രണ്ട് ജോയിന്‍റ് ഡയറക്ടർമാരെയും നിയമിച്ചത് ഘടനപരമായ മാറ്റത്തിന്റെ ഭാഗമായിട്ട് എന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam