10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പ‍ർ വാങ്ങി, പക്ഷേ മകന് 720ല്‍ ആകെ കിട്ടിയത് 107 മാർക്ക് മാത്രം; ഒരു കുടംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ

Published : May 16, 2026, 08:03 PM IST
neet question paper leak arrest

Synopsis

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ സിബിഐ രാജസ്ഥാനിൽ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പത്ത് ലക്ഷം രൂപ നൽകി ചോദ്യപേപ്പർ വാങ്ങിയ പ്രതിയുടെ മകന് പരീക്ഷയിൽ നേടാനായത് വെറും 107 മാർക്കാണ്. ഈ തട്ടിപ്പ് ശൃംഖലയുമായി ബന്ധമുള്ള നൂറ്റമ്പതോളം വിദ്യാർത്ഥികൾ സിബിഐ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്.

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയ സിബിഐ രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യഥാർത്ഥ ചോദ്യപേപ്പറിനോട് അങ്ങേയറ്റം സാമ്യമുള്ള 'ഗസ് പേപ്പർ' സംഘടിപ്പിച്ച് കോച്ചിംഗ് സെന്‍ററുകൾ വഴി വിതരണം ചെയ്ത ദിനേഷ് ബിവാൽ, സഹോദരൻ മംഗിലാൽ ബിവാൽ, മംഗിലാലിന്‍റെ മൂത്ത മകൻ വികാസ് എന്നിവരാണ് പിടിയിലായത്. ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളെ ഏകോപിപ്പിക്കുന്നതിനുമായി സിക്കാറിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. പരീക്ഷയ്ക്ക് മുൻപ് തന്നെ ഈ ചോർന്ന ചോദ്യപേപ്പർ ലഭിച്ചതായി കരുതുന്ന ദിനേഷ് ബിവാൽ എന്ന പ്രതിയുടെ മകൻ ഋഷി ബിവാലിനായി സിബിഐ ഇപ്പോൾ തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

തന്‍റെ മകന് പരീക്ഷയിൽ ഉയർന്ന വിജയം നേടിക്കൊടുക്കുന്നതിനായി പത്ത് ലക്ഷത്തോളം രൂപ നൽകിയാണ് ദിനേഷ് ചോദ്യപേപ്പർ സംഘടിപ്പിച്ചതെന്ന് സിബിഐ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ കൈയിൽ കിട്ടിയിട്ടും 720 മാർക്കിന്‍റെ പരീക്ഷയിൽ വെറും 107 മാർക്ക് മാത്രമാണ് ഋഷി ബിവാലിന് നേടാനായത്. മുൻകാല പരീക്ഷകളിലും അത്യന്തം മോശം പ്രകടനമാണ് ഈ വിദ്യാർത്ഥി കാഴ്ചവെച്ചിട്ടുള്ളത് എന്ന് അന്വേഷണത്തിൽ വ്യക്തമായി. രാജസ്ഥാൻ ബോർഡിന്‍റെ പത്താം ക്ലാസ് പരീക്ഷയിൽ 44 ശതമാനം മാർക്ക് മാത്രം നേടിയ ഋഷി, ഇക്കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കിന്റെ സഹായത്തോടെയാണ് കഷ്ടിച്ച് രണ്ടാം ക്ലാസ്സോടെ ജയിച്ചത്. ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ പ്രധാന വിഷയങ്ങളിലെ തിയറി പരീക്ഷകളിൽ വളരെ കുറഞ്ഞ മാർക്ക് മാത്രമുണ്ടായിട്ടും ഈ വിദ്യാർത്ഥിയെ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ഇരുത്താൻ കുടുംബം നിർബന്ധിക്കുകയായിരുന്നു.

ഈ മാഫിയാ സംഘത്തിന്‍റെ കൂടുതൽ വിവരങ്ങൾ സിബിഐ ശേഖരിച്ചു വരികയാണ്. ചോദ്യപേപ്പർ ചോർത്തി നൽകിയ സംഘത്തിൽ കുറിയർമാരായി പ്രവർത്തിച്ചുകൊണ്ട് ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ചോദ്യപേപ്പർ എത്തിച്ചു നൽകിയതിൽ ദിനേഷിനും കുടുംബത്തിനും വലിയ പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ ചോർച്ചാ ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നൂറ്റമ്പതോളം വിദ്യാർത്ഥികൾ ഇപ്പോൾ സിബിഐയുടെ നിരീക്ഷണത്തിലാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വലിയൊരു മാഫിയയെ തന്നെയാണ് വരും ദിവസങ്ങളിൽ സിബിഐ പുറത്തുകൊണ്ടുവരാൻ ഒരുങ്ങുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ്ന്‍റെ പുതിയ നീക്കം ദില്ലിയിലേക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും കാണാൻ ഈ മാസം അവസാനം തലസ്ഥാനത്തെത്തുമെന്ന് സൂചന
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, പാഠ്യപദ്ധതിയിൽ വൻ മാറ്റം; 9, 10 ക്ലാസുകളിൽ 3 ഭാഷകൾ നിർബന്ധമാക്കി സിബിഎസ്ഇ, വ്യവസ്ഥകൾ ഇങ്ങനെ