
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ ദേശീയ പരീക്ഷാ ഏജൻസിക്ക് (എൻ ടി എ) പകരം പുതിയൊരു സുതാര്യമായ പരീക്ഷാ സംവിധാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. പരീക്ഷാ അട്ടിമറിയെക്കുറിച്ച് കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഡോക്ടർമാരുടെ സംഘടനകൾ നൽകിയ ഹർജികളാണ് കോടതി നാളെ പരിശോധിക്കുന്നത്. പരീക്ഷാ നടത്തിപ്പിലെ എൻ ടി എയുടെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിച്ചും മെഡിക്കൽ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സംഘടനകൾ രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ സി ബി ഐ അന്വേഷണം പുരോഗമിക്കവെയാണ് എൻ ടി എ പകരം പുതിയ സംവിധാനം വേണമെന്ന ആവശ്യവും സുപ്രീം കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്.
അതേസമയം മെഡിക്കൽ പഠനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് യു ജിയുടെ ചോദ്യപ്പേപ്പർ ചോർച്ചയിൽ അധ്യാപകരും ഇടനിലക്കാരും കോച്ചിംഗ് സെൻററുകളും ഉൾപ്പെട്ട കണ്ണികളിലേക്ക് നീങ്ങിയിരിക്കുകയാണ് സി ബി ഐ. എൻ ടി എ നിയോഗിച്ച രണ്ട് അധ്യാപകർ കൂടി പേപ്പർ ചോർത്തിയെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. നീറ്റ് യു ജി പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി നിയമിച്ചിരുന്ന മൂന്ന് അധ്യാപകർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം നീളുന്നത്. ബയോളജി, ഫിസിക്സ് വിഷയങ്ങളുടെ ചോദ്യപേപ്പർ ചോർത്തിയതിൽ ഈ അധ്യാപകർക്ക് പങ്കെന്നാണ് വിവരം. നടന്നത് കോടികളുടെ ഇടപാടെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. ചോർത്തിയ ചോദ്യപേപ്പർ ഉപയോഗിച്ച് ചില കോച്ചിംഗ് സെൻററുകൾ വൻ തുക ഈടാക്കി സ്പെഷ്യൽ ക്ലാസുകൾ നടത്തി എന്നും സി ബി ഐ വൃത്തങ്ങൾ വ്യക്തമാക്കി. ഇതുവരെ കേസിൽ 11 പേരെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ ഇക്കഴിഞ്ഞ ദിവസമാണ് സി ബി ഐ സംഘം മൂന്നാമത്തെ അധ്യാപികയെ അറസ്റ്റ് ചെയ്തത്. എൻ ടി എ നിയമിച്ചിരുന്ന, പൂനെയിൽ നിന്നുള്ള അധ്യാപിക മനിഷ സഞ്ജയ് ഹവൽദാർ (58) ആണ് സി ബി ഐയുടെ പിടിയിലായത്. അറസ്റ്റിലായ മനിഷ ഫിസിക്സ് ചോദ്യങ്ങൾ, അറസ്റ്റിലായ മനിഷ മന്ധാരെയ്ക്ക് കൈമാറിയെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. ഇവർ കൈമാറിയെ ചോദ്യങ്ങളും നീറ്റ് യു ജി പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളും ഒന്നുതന്നെയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി സി ബി ഐ അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മനിഷ സഞ്ജയ് ഹവൽദാർ പൂനെയിലെ സ്കൂൾ പ്രിൻസിപ്പാളാണ്. അടുത്ത മാസം 30 ന് വിരമിക്കാനിരിക്കെയാണ് അധ്യാപികയുടെ അറസ്റ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam