വിഭജനത്തിനും പഴി നെഹ്‍റുവിന്: കശ്മീർ പാകിസ്ഥാന് തീറെഴുതിയത് നെഹ്‍റുവെന്ന് അമിത് ഷാ

By Web TeamFirst Published Jun 28, 2019, 4:29 PM IST
Highlights

''വിഭജനത്തിന്‍റെ കാലത്ത് രാജ്യം മുഴുവൻ രക്തരൂഷിതമായി. രാജ്യത്തിന്‍റെ താത്പര്യം പോലും കണക്കിലെടുക്കാതെ കശ്മീരിന്‍റെ ഒരു ഭാഗം പാകിസ്ഥാന് തീറെഴുതി'', നെഹ്‍റുവിനെതിരെ അമിത് ഷാ. 

ദില്ലി: രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്‍റുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഭജനം ജവഹർലാൽ നെഹ്‍റു ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. രാജ്യത്തെ അന്നത്തെ ആഭ്യന്തരമന്ത്രിയെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് നെഹ്‍റു രാജ്യം വിഭജിക്കാൻ തീരുമാനിച്ചത്. അങ്ങനെ പാകിസ്ഥാന് കശ്മീരിന്‍റെ മൂന്നിലൊന്ന് ഭാഗം തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്‍റുവെന്നും അമിത് ഷാ ആരോപിച്ചു. ജമ്മു കശ്മീരിൽ രാഷ്ട്രപതിഭരണം നീട്ടാനുള്ള ബില്ലിന്‍റെ ചർച്ചക്കിടെയാണ് നെഹ്‍റുവിനെതിരെ അമിത് ഷായുടെ ആരോപണം.

ഇതേത്തുടർന്ന് ലോക്സഭയിൽ പ്രതിപക്ഷം ബഹളം വച്ചു. രാഷ്ട്രീയത്തിനതീതമായി ജമ്മു കശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ കോൺഗ്രസ് തയ്യാറാണെന്നും, ബിജെപി അതിന് തയ്യാറാകുമോ എന്നും കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. ഇതിന് മറുപടിയായാണ്, ദേശസുരക്ഷയാണ് ബിജെപിയുടെ ആത്യന്തിക ലക്ഷ്യമെന്നും, അതിന് തുരങ്കം വച്ചത് നെഹ്‍റുവാണെന്നും അമിത് ഷായുടെ കുറ്റപ്പെടുത്തൽ.

ലോക്സഭയിൽ ഇന്ന് അമിത് ഷായുടെ കന്നി ബില്ല് അവതരണമായിരുന്നു. ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്ന ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്. ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന 370-ാം അനുച്ഛേദം ആവശ്യമില്ലെന്നാണ് അമിത് ഷായുടെ നിലപാട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങൾക്കും ഒരു പദവി മതി. ഒരു സംസ്ഥാനത്തിന് പ്രത്യേക അധികാരം നൽകേണ്ടതില്ല, അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ പ്രസംഗശേഷം, ജമ്മു കശ്മീരിൽ രാഷ്ട്രപതിഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്ന പ്രമേയം ലോക്സഭ പാസ്സാക്കി. ജമ്മു കശ്മീർ സംവരണഭേദഗതി ബില്ലും പാസ്സായി. ശബ്ദ വോട്ടോടെയാണ് ഇരുബില്ലുകളും ലോക്സഭ പാസ്സാക്കിയത്. 

'എല്ലാറ്റിനും കാരണക്കാരൻ നെഹ്‍റു'

ഇന്ത്യാ വിരുദ്ധ നീക്കങ്ങളെയാണ് ജമ്മു കശ്മീരിൽ ബിജെപി നേരിട്ടതെന്ന് അമിത് ഷാ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇതിൽ കോൺഗ്രസിന്‍റെ രീതിയായിരുന്നില്ല ബിജെപിയുടേത്. ജമ്മു കശ്മീരിലെ ക്രമസമാധാന നില വലിയ രീതിയിൽ മെച്ചപ്പെട്ടിട്ടുണ്ട്. തീവ്രവാദത്തിനോട് സഹിഷ്ണുതയില്ലാത്ത നിലപാടാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുന്നത്. ദേശസുരക്ഷയും അതിർത്തികളുടെ സുരക്ഷയുമാണ് പാർട്ടിയുടെയും സർക്കാരിന്‍റെയും പ്രധാനലക്ഷ്യം.

2014 മുതൽ ജമ്മു കശ്മീരിൽ സൈന്യത്തിന് പരമാവധി അധികാരം നൽകിയിട്ടുണ്ട്. പതിറ്റാണ്ടുകളായി സൈന്യം ആവശ്യപ്പെട്ടു വരികയായിരുന്ന പല ആവശ്യങ്ങളും നടപ്പാക്കി നൽകിയത് നരേന്ദ്രമോദി സർക്കാരാണ്. ജമ്മു കശ്മീരിൽ സിആർപിഎഫിന്‍റെ അംഗബലം കൂട്ടി. സുരക്ഷാ ഉപകരണങ്ങൾ, റഡാർ, കമാൻഡോ ട്രെയിനിംഗ് സെന്‍റർ, അത്യാധുനിക തോക്കുകൾ എന്നിങ്ങനെ സൈന്യം ആവശ്യപ്പെട്ടതെല്ലാം വാങ്ങി നൽകി. 

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടാൻ കാരണങ്ങളുണ്ട്. അവിടെ പാക് സ്പോൺസേഡ് തീവ്രവാദമാണ് നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അവിടെ പ്രശ്നമുണ്ടാക്കുന്നത് കോൺഗ്രസാണ്.

രാജ്യത്തിന്‍റെ നികുതിപ്പണം കൊണ്ട് സുരക്ഷയും സൗകര്യങ്ങളും അനുഭവിച്ചു വരികയായിരുന്ന വിഘടനവാദികളുടെ സുരക്ഷ സർക്കാർ പിൻവലിച്ചു. അതിൽ ഞങ്ങൾക്ക് ഭയമില്ല. കശ്മീരിൽ വിഘടനവാദി സംഘടനകൾ തീവ്രവാദക്യാംപുകൾ പാക് സഹായത്തോടെ നടത്തി വരികയായിരുന്നു. 

രാജ്യം വിഭജിച്ചതാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കെല്ലാം മൂലകാരണം. ആരാണ് വിഭജനത്തിന് പിന്നിൽ? കോൺഗ്രസും അതിന്‍റെ നേതാക്കളും. ഇന്ത്യാ വിഭജനം നെഹ്‍റു ഒറ്റയ്ക്ക് എടുത്ത തീരുമാനമാണ്. സർദാർ പട്ടേലുമായി നെഹ്‍റു ഇക്കാര്യം ആലോചിച്ചത് പോലുമില്ല. പട്ടേലിന് വിഭജനത്തോട് എതിർപ്പുണ്ടായിരുന്നു. കശ്മീരിന്‍റെ മൂന്നിലൊന്ന് ഭാഗം നഷ്ടമായത് നെഹ്‍റു കാരണമാണ്.

(ഇതോടെ ലോക്സഭയിൽ ബഹളം. സഭയിലുള്ള കോൺഗ്രസ് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് ബഹളം വയ്ക്കുന്നു)

 

click me!