
പാറ്റ്ന: കാലാപാനിയടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യൻ ഭൂമിയിലെ ഡാം നിർമ്മാണവും തടഞ്ഞ് നേപ്പാൾ. ബിഹാറിലെ ഗണ്ഡക് ഡാമിൻ്റെ അറ്റകുറ്റപ്പണിയാണ് നേപ്പാൾ തടഞ്ഞത്. ബിഹാർ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജായാണ് ഇക്കാര്യം അറിയിച്ചത്.
അതിർത്തിയിലെ ലാൽബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബീഹാറിൽ പ്രളയത്തിനുള്ള സാധ്യത കൂട്ടും. ഇതു മുൻകൂട്ടി കണ്ട് നടത്തിയ അറ്റകുറ്റപ്പണിയാണ് നേപ്പാൾ അതിർത്തി രക്ഷാസേന തടഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ഇങ്ങനെയൊരു നടപടി നേപ്പാളിൻ്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും സഞ്ജയ് ജാ വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച്ച ഇന്ത്യയുടെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പുതുക്കിയ ഭൂപടത്തിന് നേപ്പാൾ പാർലമെൻ്റിൻ്റെ ഉപരിസഭ അംഗീകാരം നലകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ ഡാം നിർമ്മാണം തടയാനും നേപ്പാൾ ഒരുമ്പെട്ടത്. ഇന്ത്യയ്ക്കെതിരായ നേപ്പാളിൻ്റെ പൊടുന്നനെയുള്ള പ്രകോപനത്തിന് പിന്നിൽ ചൈനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam