
ദില്ലി: സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ (Sachin Pilot) കൂടി ഉള്‍പ്പെടുത്തി രാജസ്ഥാൻ (Rajasthan) മന്ത്രിസഭ പുനസംഘടിപ്പിച്ചു. പുതുതായി ചുമതലയേല്‍ക്കുന്ന പതിനഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 11 ക്യാബിനെറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും ആണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം പുറത്താക്കപ്പെട്ട വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരുള്‍പ്പടെ അഞ്ച് പേരാണ് പൈലറ്റ് ക്യാമ്പില്‍ നിന്ന് മന്ത്രിമാരായത്. മൂന്ന് പേര്‍ക്ക് ക്യാബിനെറ്റ് പദവി ലഭിച്ചപ്പോള്‍ രണ്ട് പേര്‍ സഹമന്ത്രിമാരായി. മന്ത്രിസഭയിലെ എല്ലാവരും രാജി സമര്‍പ്പിച്ചിരുന്നെങ്കിലും സംഘടനാ ചുതലയുള്ള രഘുശര്‍മയുടെയും ഗോവിന്ദ് സിങ് ദോതാസരയുടുയും ഹരീഷ് ചൗധരിയുടെുയം രാജി കത്ത് മാത്രമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവർണര്‍ക്ക് നല്‍കിയത്. അതിനാല്‍ ഇവരൊഴിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാവരും സ്ഥാനത്ത് തുടരും.
പുതിയ പതിനഞ്ച് പേര്‍ മന്ത്രിയായതോടെ രാജസ്ഥാനില്‍ മന്ത്രിമാരുടെ എണ്ണം മുപ്പത് ആകും. പുതുതായി മന്ത്രിമാരാകുന്നവരില്‍ നാല് പേര്‍ എസ് സി വിഭാഗത്തില്‍ നിന്നും മൂന്ന് പേര്‍ എസ് ടി വിഭാഗത്തില്‍ നിന്നുമാണ്. ഇവരില്‍ മൂന്ന് പേരെ സഹമന്ത്രി സ്ഥാനത്ത് നിന്ന് ക്യാബിനെറ്റ് പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. മുഖ്യമന്ത്രിയാക്കാഞ്ഞതിന് പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ സച്ചിന്‍ പൈലറ്റിന് മന്ത്രിസഭ പുനസംഘടന ആശ്വാസകരമാണ്. പുനസംഘടന കൂട്ടായി എടുത്ത തീരുമാനമാണെന്നും പാര്‍ട്ടിയില്‍ ഭിന്നതിയില്ലെന്നും സച്ചിന്‍ പൈലറ്റ് നേരത്തെ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Read Also: കോൺഗ്രസ് പാർട്ടിയിൽ ഭിന്നതയില്ല; എല്ലാ വിഭാഗങ്ങൾക്കും സർക്കാരിൽ പ്രാതിനിധ്യമെന്നും സച്ചിൻ പൈലറ്റ്
ആവശ്യപ്പെട്ട പുനസംഘടന സാധ്യമായ സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റ് ഇനി ഹൈക്കമാന്‍റ് വഴങ്ങുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ഗുജറാത്തിന്‍റെ ചുമതല ഏറ്റെടുക്കണമെന്ന് ഹൈക്കമാന്‍റ് താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും സച്ചിന്‍ പൈലറ്റ് തയ്യാറായിരുന്നില്ല. സംസ്ഥാനത്ത് നിന്ന് മാറുന്നത് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും മുഖ്യമന്ത്രിയാകണമെന്ന ലക്ഷ്യത്തിന് തിരിച്ചടിയാകുമെന്നതാണ് പൈലറ്റിന്‍റെ എതിര്‍പ്പിന് പിന്നിലെ പ്രധാന കാരണം.