പെട്രോൾ പമ്പുടമകളെ വലച്ച് ഉപഭോക്താക്കളുടെ പുതിയ തന്ത്രം; യുപിഐ, കാർഡ് പേയ്മെന്റുകൾ എങ്ങനെ തുടരുമെന്ന് ചോദ്യം

Published : May 06, 2025, 09:00 AM IST
പെട്രോൾ പമ്പുടമകളെ വലച്ച് ഉപഭോക്താക്കളുടെ പുതിയ തന്ത്രം; യുപിഐ, കാർഡ് പേയ്മെന്റുകൾ എങ്ങനെ തുടരുമെന്ന് ചോദ്യം

Synopsis

എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന അക്കൗണ്ടുകൾക്ക് അവിചാരിതമായി പെട്ടെന്ന് പൂട്ടുവീഴുന്നതിലൂടെ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് പമ്പുടമകൾ.

ചെന്നൈ: രാജ്യത്ത് പലയിടത്തും പെട്രോൾ പമ്പ് ഉടമകൾക്ക് തലവേദനയായി പുതിയ പ്രതിസന്ധി. ഇന്ധനം നിറച്ച ശേഷം യുപിഐ വഴിയും കാർഡ് വഴിയുമൊക്കെ പണം നൽകുന്നവർ വ്യാജ പരാതികളുമായി ബാങ്കുകളെ സമീപിക്കുകയാണെന്നാണ് പമ്പുടമകളുടെ ആരോപണം. എന്നാൽ ബാങ്കുകൾ ഇത്തരം പരാതികളുടെ നിജസ്ഥിതി പരിശോധിക്കാതെ നേരെ സൈബർ ക്രൈം പൊലീസിന് കൈമാറുന്നു. പൊലീസ് ആവട്ടെ മറ്റൊന്നും ആലോചിക്കാതെ പമ്പുടമകളുടെ കറണ്ട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്യുന്നു.

പല സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ വ്യാപകമാവാൻ തുടങ്ങിയതോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ പത്താം തീയ്യതി മുതൽ പമ്പുടമകൾ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണെന്ന് അറിയിച്ചു. തമിഴ്നാട്ടിൽ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കൾ അക്കൗണ്ട് ഫ്രീസിങ് നടപടികൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. എണ്ണക്കമ്പനികളിൽ നിന്ന് സ്റ്റോക്ക് എടുക്കുന്നത് മുതൽ ഉപഭോക്തക്കളിൽ നിന്ന് പണം വാങ്ങുന്നതിനും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന അക്കൗണ്ടുകൾക്കാണ് ഇങ്ങനെ അവിചാരിതമായി പൂട്ടുവീഴുന്നത്. ഇതോടെ പമ്പുകളിലേക്ക് ഇന്ധനം എത്തിക്കാനോ വ്യാപാരം നടത്താനോ സാധിക്കാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. മിക്കയിടങ്ങളിലും പ്രധാന അക്കൗണ്ടായി ഉപയോഗിക്കുന്നതിലേക്കാണ് യുപിഐ, കാർഡ് പേയ്‍മെന്റ് തുകകളും എത്തുന്നത്. അതുകൊണ്ടു തന്നെ പരാതികൾ വരുമ്പോൾ ഫ്രീസ് ചെയ്യപ്പെടുന്നതും ഈ അക്കൗണ്ട് തന്നെയായിരിക്കും.

ഏഴ് മുതൽ പത്ത് ദിവസം വരെ സമയമെടുത്ത് പല തവണ പൊലീസ് സ്റ്റേഷനുകളും ബാങ്കും കയറിയിറങ്ങിയ ശേഷം മാത്രമാണ് അക്കൗണ്ട് ഫ്രീസിങ് മാറിക്കിട്ടുന്നത്. ചില സാഹചര്യങ്ങളിൽ പമ്പുകളിലെ പിഒഎസ് മെഷീനുകൾ ഉപയോഗിക്കുന്നതിന്റെ പേരിൽ പോലും നടപടികൾ വരുന്നതായി ഉടമകൾ പറയുന്നു. ഉപഭോക്താക്കൾ കാർഡുകൾ ഉപയോഗിക്കുമ്പോൾ നൽകേണ്ടി വരുന്ന ട്രാൻസാക്ഷൻ ചാർജുകൾ തങ്ങൾ വഹിക്കേണ്ടി വരുന്നതുകൊണ്ട് ഡിജിറ്റൽ ഇടപാടുകൾക്ക് ലാഭം കുറവാണെന്നും അതിന് പുറമെയാണ് ഇപ്പോഴത്തെ പ്രതിസന്ധി കൂടി എത്തുന്നതെന്നും ഡീലർമാരുടെ സംഘടനാ നേതാക്കൾ പറഞ്ഞു. 

നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കാൻ നിർദേശമുണ്ടായിരുന്നു. ഇപ്പോൾ ഓരോ സെക്കന്റിലും ഡിജിറ്റൽ ഇടപാടുകളാണ് നടക്കുന്നത്. പക്ഷേ സൈബർ പൊലീസിന്റെ ഭാഗത്തു നിന്ന് ഇത്തരം വിവേചന രഹിതമായ ഇടപെടലുണ്ടാവുകയും പരിശോധനകളില്ലാതെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യാൻ തുടങ്ങിയാൽ പിന്നെ നോട്ടുകളിലേക്ക് തന്നെ മടങ്ങേണ്ടി വരുമെന്നും ഇത് ഉപഭോക്താക്കൾക്ക് തന്നെ ബുദ്ധിമുട്ടാവുമെന്നും വ്യാപാരികൾ പറഞ്ഞു. അതേസമയം പണം നഷ്ടമായെന്ന പരാതികളിൽ അക്കൗണ്ട് മരവിപ്പിക്കൽ അത്യാവശ്യമായി വരുമെന്നാണ് തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥർ പറയുന്നത്. യുപിഐ ഇടപാടുകളിൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ മാത്രമാണ്. കാർഡ് ഇടപാടുകളിലാവട്ടെ രണ്ട് മുതൽ നാല് മണിക്കൂറുകളും. അതുകൊണ്ട് ഓരോ സെക്കന്റും വിലപ്പെട്ടതാണെന്നാണ് പൊലീസിന്റെ വാദം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്