യുജിസി, എംസിഐ എന്നിവയുടെ രൂപം മാറും; വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്കരണം നടപ്പാക്കാന്‍ സാധ്യത

By Web TeamFirst Published May 25, 2019, 3:00 PM IST
Highlights

സ്കൂള്‍, കോളജ് പാഠപുസ്തകങ്ങളില്‍ വലിയ രീതിയില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദില്ലി: മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയതോടെ വിദ്യാഭ്യാസ മേഖലില്‍ സമഗ്ര പരിഷ്കാരം നടപ്പാക്കിയേക്കും. ഒന്നാം എന്‍ഡിഎ സര്‍ക്കാറിന്‍റെ കാലത്ത് തുടങ്ങിവച്ച പരിഷ്കാരങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുക. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ വിദ്യാഭ്യാസ നയം രൂപീകരിക്കും. ഐഎസ്ആര്‍ഒ മുന്‍ തലവന്‍ കെ കസ്തൂരിരംഗനെ പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങള്‍ ഔദ്യോഗികമായി പരിഗണിച്ചിട്ടില്ല. കസ്തൂരിരംഗന്‍റെ നിര്‍ദേശങ്ങളില്‍ വിദ്യാഭ്യാസ മേഖലയെ ഹൈന്ദവവത്കരിക്കാനുള്ള നീക്കമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. സ്കൂള്‍, കോളജ് പാഠപുസ്തകങ്ങളില്‍ വലിയ രീതിയില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉന്നത വിദ്യാഭ്യാസ രംഗത്ത് യുജിസിക്ക് പകരം ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ രൂപവത്കരിക്കുന്നതിന് തുടക്കമിട്ടിരുന്നെങ്കിലും അധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍, വന്‍ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനാല്‍ എതിര്‍പ്പുകള്‍ അവഗണിച്ചേക്കാം. മുന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)ക്ക് പകരം മറ്റൊരു ബോഡിയുടെ സാധ്യത ആരോഗ്യമന്ത്രാലയം ദേശീയ ആരോഗ്യ കമ്മീഷനോട് മുമ്പ് ആരാഞ്ഞിരുന്നു. ആരോഗ്യമേഖലയില്‍ സ്വകാര്യവത്കരണം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ശ്രമമെന്ന് അന്നേ ആരോപണമുയര്‍ന്നു. 

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മെഡിക്കല്‍ വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കാന്‍ ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. സ്കൂള്‍, ഹയര്‍സെക്കന്‍ഡറി, മെഡിക്കല്‍ വിദ്യാഭ്യാസ രംഗങ്ങളില്‍ സമൂല മാറ്റത്തിന് അതത് വകുപ്പുകള്‍ നിര്‍ദേശം നല്‍കിയിരുന്നു. ബിജെപി അധികാരത്തിലേറിയ സംസ്ഥാനങ്ങളില്‍ പാഠപുസ്തകങ്ങള്‍ കാവിവത്കരിക്കുന്ന പ്രവണത ശക്തമായിരുന്നു.  
 

click me!