
ദില്ലി: കൊവിഡ് രോഗികളെ ഡിസ്‍ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സർക്കാർ പുതുക്കി. ഗുരുതര അവസ്ഥയിലുള്ള രോഗികൾക്ക് മാത്രമേ ഇനി ഡിസ്‍ചാര്‍ജിന് കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുവരെ കാക്കേണ്ടതുള്ളൂ. മൂന്നു ദിവസം പനിയില്ലാത്ത ഏത് കൊവിഡ് രോഗിയെയും ഇനി കോവിഡ് നെഗറ്റിവ് ആകും വരെ കാക്കാതെ ഡിസ്ചാർജ് ചെയ്യാം.
രോഗികളുടെ ആരോഗ്യനിലയും, രോഗതീവ്രതയും അടിസ്ഥാനമാക്കിയുള്ള മാര്‍ഗനിര്‍ദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചവര്‍, തീവ്രത കുറഞ്ഞവര്‍, നേരിയ രോഗലക്ഷണങ്ങളുളളവര്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ഡിസ്‍ചാര്‍ജ് നിര്‍ദ്ദേശം. ഗുരുതരാവസ്ഥയിലായി രോഗം ഭേദമായവര്‍ക്കൊപ്പം, വൃക്ക രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയയക്ക് വിധേയരാവര്‍ എന്നിവരേയും ഉള്‍പ്പെടുത്തിയിരിക്കുന്നു. രോഗലക്ഷണങ്ങള്‍ മാറി പിസിആര്‍ ടെസ്റ്റ് നെഗറ്റീവായതിന് ശേഷമേ ഇവര്‍ ആശുപത്രി വിടാന്‍ പാടുളളു. ഒരു തവണ പരിശോധന നടത്തിയാല്‍ മതിയാകും.
രോഗം ബാധിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തി നേടുകയും അടുത്ത നാലു ദിവസത്തേക്ക് ഓക്സിജന്‍ സാച്ചുറേഷന്‍ നില 95 ശതമാനമായി നിലനിര്‍ത്തുകയും
ചെയ്യുന്നവരെയാണ് തീവ്രത കുറഞ്ഞ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കും പത്ത് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാം. പരിശോധനയുടെ ആവശ്യമില്ല.
നേരിയ രോഗലക്ഷണങ്ങളുമായി പ്രവേശിപ്പിച്ചവരുടെ പള്‍സും, ശരീരോഷ്മാവും നിരന്തരം പരിശോധിക്കും. പത്ത് ദിവസത്തിന് ശേഷം ഇവര്‍ക്ക് ആശുപത്രി വിടാം. എന്നാല്‍ ഡിസ്‍ചാര്‍ജ്ജിന് മൂന്ന് ദിവസം മുന്‍പ് വരെ പനി ഉണ്ടാകാന്‍ പാടില്ല. ആശുപത്രി വിട്ട് ഏഴ് ദിവസം വീട്ടില്‍ സമ്പര്‍ക്ക വിലക്കുണ്ട്.
രോഗലക്ഷണങ്ങൾ ഇല്ലാത്ത നിരവധി രോഗികളെ ആഴ്‍ചകളോളം ആശുപത്രിയിൽ തന്നെ താമസിപ്പികേണ്ടി വരുന്ന സാഹചര്യം ഇതോടെ ഒഴിവായി. ഡിസ്ചാർജ് ആകുന്ന രോഗികൾ വീട്ടിൽ സമ്പർക്ക വിലക്കിൽ ഏഴു ദിവസം കഴിയണം. രോഗബാധ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പരിശോധന കിറ്റുകള്‍ക്കും ആശുപത്രി സൗകര്യങ്ങള്‍ക്കും ഉണ്ടാകാനിടയുള്ള പ്രതിസന്ധി കൂടി കണക്കിലെടുത്താണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam