ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്; ഓര്‍ഡിനന്‍സ് പുറത്തിറക്കി

By Web TeamFirst Published Apr 23, 2020, 9:41 AM IST
Highlights

ആരോഗ്യ പ്രവര്‍ത്തകരോട് വീടുകൾ ഒഴിയാൻ ആവശ്യപ്പെടുന്നതടക്കം ഇനി കുറ്റമാകും. വാഹനങ്ങളോ, വീടുകളോ തകര്‍ത്താൽ ജയിൽ ശിക്ഷക്കൊപ്പം വലിയ നഷ്ടപരിഹാരവും നൽകേണ്ടിവരും.

ദില്ലി: ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കേന്ദ്രം പുറത്തിറക്കി. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ മൂന്ന് മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിച്ചേക്കും. 1897ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്താണ് ഡോക്ടര്‍മാര്‍ മുതൽ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം സുരക്ഷ ഒരുക്കുന്നത്.

ആരോഗ്യ പ്രവര്‍ത്തകരോട് വീടുകൾ ഒഴിയാൻ ആവശ്യപ്പെടുന്നതടക്കം ഇനി കുറ്റമാകും. ആരോഗ്യ പ്രവര്‍ത്തകരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്താൽ 3 മാസം മുതൽ 5 വര്‍ഷം വരെ ശിക്ഷ നല്‍കും. 50,000 രൂപ മുതൽ 2 ലക്ഷം രൂപയാണ് പിഴ. ആക്രമിക്കുകയോ,മുറിവേല്‍പ്പിക്കുകയോ ചെയ്താൽ ശിക്ഷ 6 മാസം മുതൽ 7 വര്‍ഷം വരെയാകും. ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പിഴ ഒടുക്കേണ്ടി വരും. വാഹനങ്ങളോ, വീടുകളോ തകര്‍ത്താൽ ജയിൽ ശിക്ഷക്കൊപ്പം വലിയ നഷ്ടപരിഹാരവും നൽകേണ്ടിവരും.

കൊവിഡ് ഭയന്ന് രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് അതിശക്തമായ തീരുമാനം കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ടത്. ചെന്നൈയിൽ മരിച്ച ഡോക്ടറുടെ സംസ്കാരം നടത്താൻ ജനക്കൂട്ടം അനുവദിക്കാത്തത് രാജ്യമാകെയുള്ള ആരോഗ്യപ്രവർത്തകരുടെ രോഷത്തിനിടയാക്കിയിരുന്നു.  അക്രമം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ഐഎംഎ ഉൾപ്പടെയുള്ള സംഘടനകൾക്ക് ഉറപ്പുനൽകിയിരുന്നു. 

click me!