
ബെംഗളൂരു: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്നുവെന്ന് സൂചന. വൈ എസ് ആർ തെലങ്കാന പാർട്ടി നേതാവായ വൈ എസ് ശർമിളയും കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയതാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ അഭിനന്ദനം അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് ശർമിളയുടെ പ്രതികരണം.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശർമിളയുടെ വൈഎസ്ആർടിപി കോൺഗ്രസുമായി സഖ്യത്തിലെത്തുകയോ ലയിക്കുകയോ ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഡിസംബറിൽ ആണ് തെലങ്കാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് കെസിആർ വിരുദ്ധ ചേരിയിലെ പ്രധാന പാർട്ടികളെ ഒപ്പം നിർത്താൻ ശ്രമിക്കുകയാണ് കോൺഗ്രസ്. ആന്ധ്ര-തെലങ്കാന മേഖലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് പരമാവധി സമാന മനസ്കരായ പാർട്ടികളെ ഒപ്പം ചേർക്കാനാണ് കോൺഗ്രസ് ശ്രമം. ഇത്തരം ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത് ഡികെ ശിവകുമാറും പ്രിയങ്ക ഗാന്ധിയുമാണ്.
കർണാടക: വകുപ്പ് വിഭജനത്തിൽ പാകപ്പിഴയെന്ന്, പട്ടിക പിൻവലിച്ചു
കേന്ദ്രസർക്കാരിനെതിരെ 2024ലെ തെരഞ്ഞെടുപ്പ് നേരിടാനായി പ്രതിപക്ഷം ഒന്നിക്കുന്നതിൻ്റെ ഭാഗമായി പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആദ്യ സംയുക്ത യോഗം അടുത്ത 12ന് ചേരാൻ തീരുമാനിച്ചിട്ടുണ്ട്. പാട്നയിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ പാർട്ടികൾ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു.
കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടികളാണ് പാർലമെൻ്റ് മന്ദിര ഉദ്ഘാടന ച്ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.