Asianet News MalayalamAsianet News Malayalam

നിതി ആയോഗ് യോഗം ബഹിഷ്ക്കരിച്ച് ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാര്‍, പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത്

സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാട്ടുന്നുവെന്നാരോപിച്ചാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു വിട്ടുനില്‍ക്കുന്നത്. പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് ചന്ദ്രശേഖര് ‍ റാവു കത്തയക്കുകയും ചെയ്തു.

Bihar Telangana chief ministers boycott NITI Aayog meeting
Author
Delhi, First Published Aug 6, 2022, 5:43 PM IST

ദില്ലി: നിതി ആയോഗ് യോഗം ബഹിഷ്ക്കരിച്ച് ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാര്‍. ബിജെപിയുമായുള്ള ഭിന്നതയിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗം ബഹിഷ്ക്കരിക്കുന്നത്. സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാട്ടുന്നുവെന്നാരോപിച്ചാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു വിട്ടുനില്‍ക്കുന്നത്. പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് ചന്ദ്രശേഖര് ‍ റാവു കത്തയക്കുകയും ചെയ്തു. നാളെ ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി, കൃഷി, ആരോഗ്യമേഖലകള്‍ അവലോകനം ചെയ്യും. 

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിൽക്കുന്നത്. യോഗത്തിൽ ബിഹാറിൽ നിന്നുള്ള പ്രതിനിധിയും പങ്കെടുക്കില്ല.  കൊവിഡ് ബാധിതനായിരുന്ന നിതീഷ് കുമാർ ഈയടുത്താണ് സുഖംപ്രാപിച്ചത്. ആരോ​ഗ്യകാരണങ്ങളാൽ പങ്കെടുക്കാനാകില്ലെന്നും പ്രതിനിധിയെ പങ്കെടുപ്പിക്കാമെന്നും ബിഹാർ സർക്കാർ അറിയിച്ചു. എന്നാൽ, യോ​ഗം മുഖ്യമന്ത്രിമാർക്ക് മാത്രമാണെന്ന് കേന്ദ്രം അറിയിച്ചതോടെ പ്രതിനിധിയും പങ്കെടുക്കില്ല.

അതേസമയം, നിതീഷ് കുമാർ തിങ്കളാഴ്ച ജനതാ ദർബാർ യോ​ഗത്തിൽ പങ്കെടുക്കും. ഘടകകക്ഷി നേതാക്കളുമായി അന്നേദിവസം നിതീഷ് കുമാർ ചർച്ച നടത്തും. അനാരോ​ഗ്യം കാരണം കഴിഞ്ഞ ദിവസങ്ങളിൽ മാറ്റിവെച്ച യോ​ഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്യും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി മോദി നൽകിയ അത്താഴവിരുന്നിൽ നിന്നും രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്ഥാനാരോഹണത്തിൽ നിന്നും നിതീഷ് കുമാർ വിട്ടുനിന്നിരുന്നു. സംസ്ഥാന വികസന റാങ്കിംഗിൽ ബിഹാറിനെ ഏറ്റവും താഴെയാക്കിയതിൽ നിതി ആയോ​ഗിനോട് നിതീഷ് കുമാറിന് വിയോജിപ്പുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും നിതീഷ് കുമാർ പങ്കെടുത്തില്ല. പകരം പ്രതിനിധിയെ അയക്കുകയായിരുന്നു. ബിജെപിയുമായി നിതീഷ് കുമാറിന്റെ ബന്ധം സു​ഗമമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഗ്നിപഥ് പദ്ധതി, ജാതി സെൻസസ്, ബിജെപിയുടെ ബിഹാർ നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹയുമായുള്ള വിയോജിപ്പ് തുടങ്ങിയ കാരണങ്ങളാണ് ബിജെപിയുമായി അകലാനുള്ള പ്രധാന കാരണമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios