
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കയിലെ പ്രതികരണം വിവാദമാകുന്നു. ഇന്ത്യയിലെ യുവാക്കളുമായി ബന്ധപ്പെട്ട ചോദ്യത്തിന് തൊഴിലില്ലായ്‌മ ചൂണ്ടിക്കാട്ടി നടത്തിയ പ്രതികരണമാണ് ചർച്ചയാകുന്നത്. ഇന്ത്യ വലിയ സാമ്പത്തിക ദുരന്തത്തിൻ്റെ വക്കിലാണെന്നും അതൊരു യാഥാർത്ഥ്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ന്യായോർക്കിലെ കൊളംബിയ സർവകലാശാലയിൽ നടന്ന പരിപാടിയിലെ വിവാദ പരാമർശങ്ങളിൽ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി.
വൻതോതിലുള്ള തൊഴിലില്ലായ്മയും രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ഒരാൾക്ക് അത് മറച്ചുവെക്കാം, മാധ്യമങ്ങൾക്ക് മാറ്റിവെക്കാം, പക്ഷേ ഇന്ത്യയിൽ വലിയൊരു തൊഴിലില്ലായ്മ പ്രശ്‌നമുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയൊരു പ്രശ്‌നമുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സ്ഥിതിയിൽ നിരാശ പ്രകടിപ്പിക്കുന്ന ഒരു വിഭാഗം യുവാക്കൾ മധ്യവർഗ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും ഔപചാരിക വിദ്യാഭ്യാസം നേടിയവരാണെന്നും എന്നാൽ അവരുടെ ജോലി സാധ്യതയിൽ അവർ അത്യധികം നിരാശരാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ഇത് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കൾക്കും അവരുടെ മാതാപിതാക്കൾക്കും ഇടയിൽ തൊഴിൽ അവസരങ്ങളുടെ പേരിൽ അകൽച്ച വർദ്ധിച്ചുവരുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. തൊഴിലില്ലായ്മ, പരിമിതമായ അവസരങ്ങൾ, വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ, ആശങ്കകൾ എന്നിവ അവഗണിക്കാൻ കഴിയാത്ത വെല്ലുവിളികളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുലിൻ്റെ പ്രതികരണം വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്നതാണെന്നാണ് ബിജെപിയുടെ മറുവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam