വിജയസാധ്യതയാണ് മാനദണ്ഡമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അഖിലേഷ് യാദവ്. അതേസമയം ആകെ 181 സീറ്റാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്.

ദില്ലി: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി- കോൺഗ്രസ് സീറ്റ് വിഭജന ചർച്ച സങ്കീർണം. കോൺഗ്രസിന് ആദ്യഘട്ടത്തിൽ 24 സീറ്റുകൾ നൽകിയാൽ മതിയെന്നാണ് എസ്പിയുടെ നിലപാട്. വിജയസാധ്യതയാണ് മാനദണ്ഡമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അഖിലേഷ് യാദവ്. അതേസമയം ആകെ 181 സീറ്റാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാൽ, കോൺ​ഗ്രസിന്റെ ആവശ്യം അം​ഗീകരിക്കാൻ സാധ്യത കുറവാണെന്നാണ് സൂചന. അതേസമയം, തെരഞ്ഞെടുപ്പിൽ ബിജെപിയുടെ റോഡ്മാപ്പ് തയ്യാറായി. മഥുര കൃഷ്ണ ജൻമഭൂമി വിഷയമടക്കം സജീവമായി ഉന്നയിക്കാനാണ് ബിജെപി തീരുമാനം.

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് സ്ക്രീനിംഗ് കമ്മിറ്റികൾ രൂപീകരിച്ച് കോൺഗ്രസ് നേതൃത്വം തയാറെടുപ്പ് തുടങ്ങി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സമിതികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള എം.പിമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും വിവിധ സംസ്ഥാനങ്ങളിലെ സമിതികളിൽ അംഗങ്ങളായി ഇടംപിടിച്ചിട്ടുണ്ട്. ഓരോ സമിതിയിലും ഒരു ചെയർപേഴ്സണും രണ്ട് അംഗങ്ങളുമാണുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയ നടപടികളുടെ മേൽനോട്ടമാണ് ഈ സമിതികളുടെ പ്രധാന ചുമതല.