ലോക്ക് ഡൗൺ: സീറ്റുകൾ ഒന്നിടവിട്ട്; രണ്ട് മണിക്കൂർ മുമ്പ് റിപ്പോർട്ടിം​ഗ്; വിമാനയാത്രയ്ക്ക് പുതിയ നിർദ്ദേശങ്ങൾ

By Web TeamFirst Published Apr 14, 2020, 11:27 AM IST
Highlights

ഫ്‌ളൈറ്റുകളിൽ സ്വന്തം സീറ്റുകളില്‍ യാത്രക്കാർ എത്തുന്ന സമയത്ത് ക്രൂ അംഗങ്ങൾ സാനിറ്റൈസര്‍ നല്‍കും. ക്വാറന്റൈന്‍ ചരിത്രം, സമ്പര്‍ക്ക ചരിത്രം എന്നിവ മനസ്സിലാക്കാൻ വേണ്ടി ഓരോ യാത്രക്കാരനും ചോദ്യാവലികളും പൂരിപ്പിക്കാന്‍ നല്‍കും. 

ദില്ലി: ലോക്ക് ഡൗണിന് ശേഷം വ്യോമ​ഗതാ​ഗതം പുനരാരംഭിക്കുന്ന വേളയിൽ പാലിക്കേണ്ട നിയമങ്ങൾ പുറത്തുവിട്ട് സെന്റട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്. ഫ്‌ളൈറ്റ് സമയത്തിനു രണ്ട് മണിക്കൂറിനു മുമ്പ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ യാത്രക്കാര്‍ കരുതണമെന്നുമാണ് പ്രധാന നിര്‍ദേശങ്ങള്‍. ഓരോ ഗേറ്റിലും സാനിറ്റൈസര്‍ ഉണ്ടാവും. മാത്രമല്ല എല്ലാ ഫ്ലൈറ്റുകളിലും ഒന്നിടവിട്ടുള്ള സീറ്റുകൾ ഒഴിവാക്കിയിടണമെന്നുമാണ് പുതിയ നിർദ്ദേശങ്ങൾ. യാത്രക്കാരില്‍ നിന്ന് ക്വാറന്റൈന്‍ ചരിത്രം ചോദിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫ്‌ളൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് നിയന്ത്രണം നല്‍കിയിട്ടുണ്ട്.

ഇത്തരത്തിൽ ക്വാറന്റൈന്‍ ചരിത്രമുള്ളവരെ സിഐഎസ് എഫ് പ്രത്യേക ചെക്കിങ് പോയിന്റുകളിലാവും പരിശോധന നടത്തുക. ഫ്‌ളൈറ്റുകളിൽ സ്വന്തം സീറ്റുകളില്‍ യാത്രക്കാർ എത്തുന്ന സമയത്ത് ക്രൂ അംഗങ്ങൾ സാനിറ്റൈസര്‍ നല്‍കും. ക്വാറന്റൈന്‍ ചരിത്രം, സമ്പര്‍ക്ക ചരിത്രം എന്നിവ മനസ്സിലാക്കാൻ വേണ്ടി ഓരോ യാത്രക്കാരനും ചോദ്യാവലികളും പൂരിപ്പിക്കാന്‍ നല്‍കും. ടെപംറേച്ചര്‍ ഗണ്‍ ഉപയോഗിച്ച്  യാത്രക്കാരുടെ പനി പരിശോധിക്കും.

നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ ബസ്സിലെ സീറ്റുകളില്‍ പ്രത്യേക ക്രമീകരണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ സ്‌പൈസ് ജെറ്റ് പുറത്തു വിട്ടു. ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുന്ന തരത്തിലുള്ള ക്രമീകരണമാണ് സ്‌പൈസ് ജെറ്റ് നടത്തിയത്. എല്ലാ സീറ്റുകളിലും യാത്രക്കാര്‍ ഇരിക്കാതിരിക്കാന്‍ ക്രോസ് ചിഹ്നം ഒന്നിടവിട്ട സീറ്റുകളില്‍ പതിപ്പിച്ചിട്ടുണ്ട്. ഫ്‌ളൈറ്റിലേക്ക് കയറുന്ന കോണിപ്പടികളിലും ഓരോ യാത്രക്കാരും പാലിക്കേണ്ട മിനിമം അകലത്തെ ചൂണ്ടിക്കാണിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. ഫ്‌ളൈറ്റിനുള്ളിലും ബുക്ക് ചെയ്യാവുന്ന സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനാൽ ആകാശ യാത്രയുടെ നിരക്ക് ഓരോരുത്തര്‍ക്കും ഇരട്ടിയായി ഉയരുമെന്ന ആശങ്കയുമുണ്ട്. 


 

click me!