ദില്ലി: രാമക്ഷേത്ര നിർമാണത്തിന് പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര' എന്നാണ് ട്രസ്റ്റിന്‍റെ പേര്. രാമക്ഷേത്ര നിർമാണത്തിന് ഈ ട്രസ്റ്റിന് പൂർണസ്വാതന്ത്ര്യമുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാർലമെന്‍റിന്‍റെ അജണ്ടയിൽ ഇല്ലാതിരുന്ന പ്രസംഗം അവസാന നിമിഷമാണ് ഉൾപ്പെടുത്തിയത്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം മുമ്പാണ് ഇത്തരമൊരു പ്രഖ്യാപനം മോദി നടത്തുന്നത്. അടിയന്തരമായി രാവിലെ കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നാണ് ഈ തീരുമാനം മോദി ലോക്സഭയിൽ പ്രഖ്യാപിക്കുന്നത്.
അതേസമയം, മസ്‍ജിദിന്‍റെ നിർമ്മാണത്തിന് ഉത്തർപ്രദേശ് സർക്കാർ അഞ്ച് ഏക്കർ ഭൂമി കണ്ടെത്തിയെന്നും മോദി ലോക്സഭയെ അറിയിച്ചു. എന്നാൽ ഇത് എവിടെയാണെന്ന് മോദി വ്യക്തമാക്കിയിട്ടില്ല.
ബാബ്‍റി മസ്ജിദ് പൊളിച്ച 2.77 ഏക്കർ ഭൂമിക്ക് പുറമേ, അതിന് ചുറ്റുമുള്ള 67 ഏക്കർ ഭൂമി കൂടി സർക്കാർ രാമജന്മഭൂമി തീർത്ഥക്ഷേത്ര എന്ന ഈ ട്രസ്റ്റിന് പതിച്ച് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബാബ്റി മസ്ജിദ് നിലനിന്നിരുന്ന തർക്കഭൂമിയുടെ ചുറ്റുമുള്ള ഈ ഭൂമി നേരത്തേ തന്നെ കേന്ദ്രസർക്കാർ ഏറ്റെടുത്തിരുന്നതാണ്. നരസിംഹറാവുവിന്‍റെ കാലത്തായിരുന്നു ഇത്. അന്ന് ഇതിനായി പ്രത്യേക നിയമനിർമാണം നടത്തിയാണ് ഈ ഭൂമി ഏറ്റെടുത്തത്. ഈ ഭൂമിയുടെ ഒരു വശത്ത് പള്ളി പണിയാൻ അനുമതി നൽകണമെന്ന് ഏറെക്കാലമായി മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഈ ഭൂമിയിൽ ഇനി വേറെ നിർമിതികളുണ്ടാകില്ലെന്നും പൂർണമായും രാമക്ഷേത്രത്തിനായി മാത്രം നൽകുമെന്നും വ്യക്തമാക്കുകയാണ് മോദി ഈ അപ്രതീക്ഷിത പ്രസംഗത്തിലൂടെ.
ഏതാണ്ട് 70 ഏക്കറോളം ഭൂമിയാണ് രാമക്ഷേത്ര നിർമാണത്തിന് ഇപ്പോൾ ലഭിക്കുക. രാമക്ഷേത്ര നിർമാണത്തിനായി കൂടുതൽ സമയം ആവശ്യപ്പെടില്ലെന്ന് നേരത്തേ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നതാണ്.
ട്രസ്റ്റിൽ ആരൊക്കെയാകും അംഗങ്ങൾ എന്ന് മോദിയുടെ പ്രസ്താവനയിലില്ല. രാമജന്മഭൂമി ന്യാസിന് ഇതിൽ പങ്കാളിത്തമുണ്ടാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam