പുതുവത്സാരാഘോഷം: ബെംഗളൂരുവിൽ 7000 സുരക്ഷാ ജീവനക്കാരെ നിയമിച്ചു

By Web TeamFirst Published Dec 30, 2019, 9:03 PM IST
Highlights

നഗരത്തിലെ സെൻട്രൽ ഏരിയകളിലുള്ള മെയിൻ റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഇവിടങ്ങളിൽ രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ ആറു വരെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഇരു ചക്രവാഹനങ്ങൾക്ക് പ്രവേശനം വിലക്കി.

ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെയുള്ള അക്രമ സംഭവങ്ങൾ തടയുന്നതിനായി ബെംഗളൂരു നഗരത്തിൽ 7000 പൊലീസുകാരെ നിയമിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർ റാവു അറിയിച്ചു. പുതുവത്സരാഘോഷം നടക്കുന്ന നഗരത്തിലെ ബ്രിഗേഡ് റോഡ്, എംജി റോഡ് എന്നിവിടങ്ങളിലാണ് കൂടുതൽ പൊലീസുകാരെ നിയമിച്ചത്. ഇവിടങ്ങളിൽ കൂടുതൽ സിസിടിവികളും ഡ്രോൺ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

നഗരത്തിലെ സെൻട്രൽ ഏരിയകളിലുള്ള മെയിൻ റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഇവിടങ്ങളിൽ രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ ആറു വരെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഇരു ചക്രവാഹനങ്ങൾക്ക് പ്രവേശനം വിലക്കി. ചൊവ്വാഴ്ച്ച രാത്രി 9 മുതൽ  ബുധനാഴ്ച്ച രാവിലെ ആറു വരെ ഫ്ളൈഓവറുകളുകൾക്കു മുകളിൽ മദ്യപിച്ച് വാഹനമോടിക്കുന്നതുമൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി വാഹനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 270 ഒാളം ഹൊയ്സാല വാഹനങ്ങൾ നഗരത്തിൽ പട്രോളിങ് നടത്തുമെന്നും ഭാസ്കർ റാവു അറിയിച്ചു.

നഗരത്തിലെ ഹോട്ടലുകളും പബ്ബുകളും ബുധനാഴ്ച്ച പുലർച്ചെ 2 വരെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. മെട്രോ റെയിൽ സർവീസും 31 ന് രാത്രി 2 വരെ സർവീസ് നടത്തും. നഗരത്തിലെ റോഡുകളിൽ പുതുവത്സരാഘോഷത്തിനെത്തുന്ന സ്ത്രീകളോടും കുട്ടികളോടും ജാഗ്രത പാലിക്കാനും ഭാസ്കർ റാവു അഭ്യർത്ഥിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ എംജി റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പുതുവത്സരാഘോഷത്തിനിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മുൻകരുതലെന്നോണമാണ് പൊലീസ് കൂടുതൽ സുരക്ഷാ സന്നാഹങ്ങളൊരുക്കുന്നത്.

click me!