
ദില്ലി : പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ് ), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ് എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് മുതല്‍ പ്രാബല്യത്തിലാവുന്നത്. ഐപിസി, സിആർപിസി എന്നിവയ്ക്ക് പകരമായാണ് പുതിയ ക്രിമിനൽ നിയമങ്ങൾ.
വിജ്ഞാപനം അനുസരിച്ച് ഭാരതീയ ന്യായ സംഹിതയിലെ 106 ആം വകുപ്പിലെ രണ്ടാം ഉപവകുപ്പ് മരവിപ്പിച്ചു. ഹിറ്റ് ആൻഢ് റൺ കേസുകളുമായ ബന്ധപ്പെട്ട് ശിക്ഷ നടപടികൾ വ്യക്തമാക്കുന്നതാണ് ഈ ഉപവകുപ്പ്. ഇതിനെതിരെ വലിയ പ്രതിഷേധം ട്രക്ക് ഡ്രൈവർമാരുടെ സംഘടനകളിൽ നിന്ന് ഉയർന്നിരുന്നു. ഇതിനി പിന്നാലെയാണ് ഇത് മരവിപ്പിച്ചത്.
ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളായിരുന്നു സഭകള്‍ പാസാക്കിയത്. ഡിസംബര്‍ അവസാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി മാറി.