
അഹമ്മദാബാദ്: ഗുജറാത്തിൽ വരാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ നിരാശ പ്രകടിപ്പിച്ച് അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിൻ്റെ മകൾ മുംതാസ് പട്ടേൽ. കോൺഗ്രസിൻ്റെ പരമ്പരാഗത കോട്ടയായ ബറൂച്ച് എഎപിയുടെ നൽകിയതാണ് മുംതാസിന്റെ അതൃപ്തിക്ക് കാരണം.
ബറൂച്ച് ലോക്‌സഭാ സീറ്റ് കോൺഗ്രസിന് ലഭിക്കാത്തതിൽ ജില്ലയിലെ അണികളോട് അഗാധമായി ക്ഷമ ചോദിക്കുന്നുവെന്നും നിങ്ങളുടെ നിരാശ ഞാൻ പങ്കിടുന്നുവെന്നും മുംതാസ് എക്സിൽ കുറിച്ചു. കോൺഗ്രസിനെ കൂടുതൽ ശക്തമാക്കാൻ ഒരുമിച്ച് നിൽക്കും. അഹമ്മദ് പട്ടേലിൻ്റെ 45 വർഷത്തെ പാരമ്പര്യം ഇല്ലാതാക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ബിജെപി തുടർച്ചയായി ഏഴ് തവണ വിജയിക്കുന്ന മണ്ഡലമാണ് ബറൂച്ച്. മണ്ഡലത്തിൽ ഇക്കുറി അഹമ്മദ് പട്ടേലിൻ്റെ മക്കളായ ഫൈസൽ പട്ടേലിനെയോ മുംതാസ് പട്ടേലിനെയോ കോൺഗ്രസ് രംഗത്തിറക്കുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അപ്രതീക്ഷിതായി സീറ്റ് എഎപിക്ക് നൽകുകയായിരുന്നു. ഭാവ്‌നഗറിലും എഎപി മത്സരിക്കും.
ദില്ലിയിൽ ആം ആദ്മി പാര്‍ട്ടിയും കോൺഗ്രസ് പാര്‍ട്ടിയും തമ്മിൽ ധാരണയായിരുന്നു. എഎപി 4 സീറ്റിലും കോൺഗ്രസ് 3 സീറ്റിലും സഖ്യമായി മത്സരിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഹരിയാനയിൽ പത്ത് സീറ്റുകളാണ് ഉള്ളത്. ഇവിടെ ഒൻപതിടത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ഒരു സീറ്റ് ആം ആദ്മി പാര്‍ട്ടിക്ക് നൽകാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ചണ്ഡീഗഡിലെ ഒരു സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഗോവയിലെ ഓരോ സീറ്റ് വീതം കോൺഗ്രസും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കാനും തീരുമാനമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam