
ദില്ലി : ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസിൽ അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്ററെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. എഡിറ്റർ പ്രബീർ പുർകായസ്ഥ, എച്ച് ആർ മാനേജർ അമിത് ചക്രവർത്തി എന്നിവരെ 7 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഇന്നലെയാണ് ദില്ലി പൊലീസ് ന്യൂസ് ക്ലിക് ഓഫീസിൽ റെയ്ഡ് നടത്തി സീൽ ചെയ്ത ശേഷം എഡിറ്ററടക്കം രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ചൈനീസ് ഫണ്ട് സ്ഥാപനത്തിലേക്കെത്തിയെന്ന കേസില്‍ 46 പേരെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ ഇന്ന് വീണ്ടും വിളിപ്പിക്കും. പുർകായസ്തയുടെ ചോദ്യം ചെയ്യലിലെ വിവരങ്ങൾ പുനപരിശോധിക്കാനാണ് നടപടി. നടപടിക്കെതിരെ വാർത്താപോർട്ടലായ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിക്കും.
ന്യൂസ് ക്ലിക്ക് ജീവനക്കാരന്‍ താസമിക്കുന്നതിനാല്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നു. ഫണ്ട് എത്തിച്ച അമേരിക്കന്‍ വ്യവസായിയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പ്രകാശ് കാരാട്ടും അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ്. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ന്യൂസ് ക്ലിക്ക് സ്ഥാപകനും, എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കായസ്ഥയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരായ ഊര്‍മ്മിളേഷ്, പരണ്‍ജോയ് ഗുഹ,ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരടക്കം 46 പേരെ ചോദ്യം ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ മുംബൈയിലെ വസതിയിലും ചോദ്യം ചെയ്തു. മുപ്പതിലധികം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും നിരന്തര വിമര്‍ശകരായ ന്യൂസ് ക്ലിക്കിനെതിരെ നേരത്തെ ഇഡിയും കേസെടുത്തിരുന്നു. ചൈനീസ് അനുകൂല പ്രചാരണത്തിന് അമേരിക്കന്‍ വ്യവസായി നെവില്‍റോയ് സിംഘാം 38 കോടിയോളം രൂപ ഫണ്ടിംഗ് നടത്തിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സിംഘാമുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പ്രകാശ് കാരാട്ടിലൂടെ ന്യൂസ് ക്ലിക്കിലേക്ക് പണമെത്തിയിട്ടുണ്ടോയെന്നും ഇഡി അന്വേഷിച്ചിരുന്നു. ഇക്കാര്യവും ദില്ലി പൊലീസിന്‍റെ അന്വേഷണ പരിധിയിലുമുണ്ട്. കര്‍ഷകസമരം, പൗരത്വ പ്രതിഷേധം തുടങ്ങിയ സംഭവങ്ങളിലെ ന്യൂസ് ക്ലിക്കിന്‍റെ കടുത്ത നിലപാട് ചൈനീസ് അജണ്ടയുടെ ഭാഗമായിരുന്നോയെന്നാണ് കേന്ദ്രത്തിന്റെ സംശയം.
പഴയ കണക്ക് തീർക്കണം, നേമത്തെ തോൽവിക്ക് ബിജെപിക്ക് മുരളീധരനോട് പകരം വീട്ടണം
ന്യൂസ് ക്ലിക്ക്: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്
ന്യൂസ് ക്ലിക്കിനെതിരായ നടപടിയിൽ ഇടപെടൽ തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകരാണ് കത്ത് നൽകിയത്