ഫണ്ട് എത്തിച്ച അമേരിക്കന്‍ വ്യവസായിയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പ്രകാശ് കാരാട്ടും അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ്
ദില്ലി: യു എ പി എ കേസില്‍ ന്യൂസ്ക്ലിക്ക് വാര്‍ത്താപോര്‍ട്ടലിന്‍റെ എഡിറ്റർ ഇൻ ചീഫ് അറസ്റ്റിൽ. മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനവുമായി സഹകരിക്കുന്നവരുടെയും വസതികളില്‍ 9 മണിക്കൂർ റെയ്ഡ് നടന്നു. റെയ്ഡിന് ശേഷമാണ് ന്യൂസ്ക്ലിക്ക് വാര്‍ത്താപോര്‍ട്ടലിന്‍റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർ കായസ്തയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. എച്ച് ആർ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിലാണ്. ചൈനീസ് ഫണ്ട് സ്ഥാപനത്തിലേക്കെത്തിയെന്ന ആക്ഷേപത്തിലാണ് ദില്ലി പൊലീസ് റെയ്ഡ് നടത്തിയതും അറസ്റ്റ് ചെയ്തതും. ന്യൂസ് ക്ലിക്ക് ജീവനക്കാരന്‍ താമസമിക്കുന്നതിനാല്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു. ഫണ്ട് എത്തിച്ച അമേരിക്കന്‍ വ്യവസായിയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പ്രകാശ് കാരാട്ടും അന്വേഷണ ഏജന്‍സികളുടെ റഡാറിലാണ്.
നേരത്തെ റെയ്ഡിന് പിന്നാലെ ന്യൂസ് ക്ലിക്കിന്‍റെ ദില്ലി ഓഫീസ് സീൽ ചെയ്തിരുന്നു. ദില്ലി പൊലീസാണ് ഓഫീസ് സീൽ ചെയ്തത്. ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ഓൺലൈൻ വാർത്താമാധ്യമമായ ന്യൂസ് ക്ലിക്കിനെതിരെ നടപടി തുടങ്ങിയത്.
അതേസമയം, ദില്ലിയിലെ ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. എന്തിന്റെ പേരിലാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയ്ഡിനെക്കുറിച്ച് നേരത്തെ അറിവ് ലഭിച്ചിരുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി. തന്റെ വസതിയിലെ റെയിഡ് പാർട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിലല്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ പ്രതികരണമറിയിച്ചിരുന്നു. എ കെ ജി സെൻ്ററിലെ ജീവനക്കാരൻ തന്‍റെ വസതിയിൽ താമസിക്കുന്നുണ്ടെന്നും ഈ ജീവനക്കാരൻ്റെ മകൻ ന്യൂസ് ക്ലിക്കിൽ ജോലി ചെയ്യുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു.
ന്യൂസ് ക്ലിക്കിനെതിരെ നടന്ന റെയ്ഡിൽ പ്രതിഷേധവും ശക്തമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നറിയിപ്പാണെന്നാണ് ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ അഭിപ്രായപ്പെട്ടത്. മുമ്പും ന്യൂസ് ക്ലിക്കിനെ കേന്ദ്രം ലക്ഷ്യം വെച്ചിട്ടുണ്ടെന്നും കർഷക സമരസമയത്ത് മികച്ച രീതിയിൽ മാധ്യമ പ്രവർത്തനം ചെയ്തിനുള്ള പ്രതികാരം കൂടിയാണ് ഇപ്പോൾ നടക്കുന്നതെന്നും ആർ രാജഗോപാൽ പറഞ്ഞു.
