
ദില്ലി: ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. പത്രം വായിക്കുന്നവർ പോലും എൻ ഐ എക്ക് പ്രശ്നക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഝാർഖണ്ഡിലെ യു എ പി എ കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വാക്കാൽ പരാമർശം.
കേസില്‍ സഞ്ജയ് ജെയ്ന്‍ എന്നയാൾക്ക് ഝാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ എൻ ഐ എ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എൻ ഐ എ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് തള്ളി. 2018 ലാണ് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എൻ ഐ എ ജെയ്‌നിനെ കസ്റ്റഡിയിൽ എടുത്തത്.
ജാര്‍ഖണ്ഡിലെ മാവോയിസറ്റ് വിഭാഗമായ തൃത്യ പ്രസ്തുതി കമ്മിറ്റി ഭീഷണിപ്പെടുത്തി പണം പിരിപ്പിക്കുന്നതുമായി ജെയ്നിന് ബന്ധമുണ്ടെന്ന് ആരോപിച്ചയായിരുന്നു കേസെടുത്തതും അറസ്റ്റ് ചെയ്തതും. ജെയ്നിനു എതിരെ യു എ പി എ നിയമ പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ നിരോധിത മാവോയിസ്റ്റ് സംഘടനയുടെ നേതാവിനെ സന്ദർശിക്കുകയും പണമോ, ലേവിയോ നൽകുകയും ചെയ്തുവെന്ന കാരണത്താൽ യു എ പി എ നിയമം നിലനിൽക്കുമോയെന്ന് ഝാർഖണ്ഡ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഈ കേസിൽ 2021 ൽ ജെയ്നിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ്
ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജികളിൽ പ്രത്യേക ബെഞ്ച് പിന്നീട് വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ടു ഹർജി ഫെബ്രുവരിയിൽ ഫയൽ ചെയ്തതാണെന്ന് ഉപാധ്യായ ചൂണ്ടിക്കാട്ടി. കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി ഇന്നലെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.