രാജ്യവ്യാപക റെയ്‍ഡുമായി എന്‍ഐഎ; പിടിയിലായ തീവ്രവാദികള്‍ ലക്ഷ്യമിട്ടത് വന്‍ ഭീകരാക്രമണം

By Web TeamFirst Published Sep 19, 2020, 10:37 AM IST
Highlights

പിടിയിലായവര്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് എന്‍ഐഎ വിശദീകരിക്കുന്നത്. ഇവരില്‍ നിന്ന് ആയുധങ്ങളും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. 

ദില്ലി: രാജ്യത്തെ 12 ഇടങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്‍ഡില്‍ ഒന്‍പത് അല്‍ ഖ്വയ്‍ദ തീവ്രവാദികള്‍ പിടിയില്‍. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്ന് ആറും എറണാകുളത്ത് നിന്ന് മൂന്നുപേരുമാണ് പിടിയിലായത്. ബംഗാള്‍ സ്വദേശികളായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ.

പിടിയിലായവര്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് എന്‍ഐഎ വിശദീകരിക്കുന്നത്. ഇവരില്‍ നിന്ന് ആയുധങ്ങളും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഭീകരര്‍ ദില്ലിയില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നും എന്‍ഐഎ പറയുന്നു. ദില്ലിയിലേക്ക് കടക്കാന്‍ പദ്ധതിയിട്ട സംഘം പണം സ്വരൂപിക്കാനും ശ്രമിച്ചിരുന്നു. വന്‍ഭീകരാക്രമണ പദ്ധതിയാണ് തകര്‍ത്തതെന്നാണ് എന്‍ഐഎ വിശദീകരിക്കുന്നത്.

കേരളത്തില്‍ നിന്നും പിടിയിലായ മൂന്നുപേരും കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ എന്ന നിലയിലാണ് കഴിഞ്ഞിരുന്നത്. ദില്ലിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാല്‍ ഇവരെ എൻഐഎയുടെ ദില്ലി യൂണിറ്റിന് കൈമാറിയേക്കും എന്നാണ് വിവരം. ഇന്ന് തന്നെ ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയേക്കും. ഇവരുമായി ബന്ധപ്പെട്ട് കേരളത്തിൽ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡും അന്വേഷണവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇവർ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നുവെന്നും വിവരം പുറത്തുവരുന്നുണ്ട്. 

click me!