
ദില്ലി: പഞ്ചാബിലെ മൊഹാലിയിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ഓഫീസിൽ ഗ്രനേഡ് ആക്രമണമുണ്ടായത് എൻഐഎ അന്വേഷിക്കും. ഇന്നലെ രാത്രിയാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഗ്രനേഡ് ആക്രമണമുണ്ടായത്. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രനേഡ് ആക്രമണമാണുണ്ടായതെന്നാണ് വിലയിരുത്തൽ. സ്ഫോടനത്തിന്റെ സാഹചര്യത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പഞ്ചാബിൽ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം: ആക്രമണമെന്ന് സംശയം
പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തന്ത്രപ്രധാനമായ ഓഫീസിലുണ്ടായ ഗ്രനേഡ് ആക്രമണം പഞ്ചാബ് സർക്കാരിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. സ്ഥിതി ഗതികൾ വിലയിരുത്താൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ സുരക്ഷാ യോഗം വിളിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രിയും ഡിജിപി അടക്കമുള്ള പൊലീസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പഞ്ചാബിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണുണ്ടാകുന്നതെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജരിവാൾ കുറ്റപ്പെടുത്തി.