
ദില്ലി : രാജ്യദ്രോഹക്കേസിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേൾക്കും. നിയമ വ്യവസ്ഥകൾ പുനഃപ്പരിശോധിക്കാമെന്ന് കേന്ദ്രം മറുപടി നൽകിയ സാഹചര്യത്തിൽ കേസ് വിശാല ബെഞ്ചിന് വിടണോ എന്ന കാര്യത്തിൽ കോടതി ഇന്ന് തീരുമാനമെടുക്കും.
ആദ്യം നിയമം പുനപ്പരിശോധിക്കേണ്ടെന്ന നിലപാടെടുത്ത കേന്ദ്രം, കോടതിയിൽ നിലപാട് മാറ്റിയിരുന്നു. വർഷങ്ങൾ പഴക്കമുള്ള നിയമങ്ങൾ കേന്ദ്രം പരിശോധിക്കാൻ തീരുമാനിച്ചെന്നും ചർച്ചകൾ കഴിയുന്നത് വരെ ഹർജി പരിഗണിക്കരുതെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ഹർജിക്കാരുടെയും കേന്ദ്രത്തിന്റെയും മറുപടി പരിശോധിച്ച ശേഷമായിരിക്കും ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ഹർജിയിൽ തീരുമാനമെടുക്കുക.
ബ്രീട്ടീഷ്ക്കാലത്തെ നിയമം സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചാം വർഷത്തിലും നിലനിർത്തേണ്ട കാര്യമുണ്ടോയെന്ന് ഹർജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകൻ എന്നിവർക്കെതിരെ പ്രയോഗിച്ച രാജ്യദ്രോഹക്കുറ്റം, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ആവശ്യമുണ്ടോയെന്നായിരുന്നു കോടതിയുടെ ചോദ്യം. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124A വകുപ്പിനെതിരെ റിട്ടയേർഡ് കരസേന മേജർ ജനറൽ എസ്.ജി. വൊമ്പാട്ട്കേരെയും, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സമർപ്പിച്ച ഹർജികളിലാണ് വാദം കേൾക്കുന്നത്.
രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചത്. രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദേശം കൊണ്ടു വരാം. ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നത്, ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുതെന്നായിരുന്നു എജിയുടെ വാദം.