ശ്രീലങ്കൻ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍റെ കേരള ബന്ധം; എൻഐഎ അന്വേഷണം തുടരുന്നു

By Web TeamFirst Published Apr 29, 2019, 6:52 AM IST
Highlights

കാസർകോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു

തിരുവനന്തപുരം: ശ്രീലങ്കൻ സ്ഫോടനം ആസുത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാ അത് നേതാവ് സഹ്രാൻ ഹാഷിമിന്‍റെ കേരള ബന്ധത്തെക്കുറിച്ചുളള അന്വേഷണം എൻഐഎ തുടരുന്നു. കാസർകോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു. കൊളംബോയിലെ ഭീകാരാക്രമണത്തിൽ ചാവേറായി മാറിയ സഹ്രാൻ ഹാഷിമിന്‍റെ പ്രസംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ അന്വേഷണം. അതേസമയം, ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസർകോടും പാലക്കാടും എൻഐഎ റെയ്ഡ്. പാലക്കാട്ട് രാവിലെ നടത്തിയ റെയ്‍ഡിന് ശേഷം ഒരാളെ  കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. പാലക്കാട് സ്വദേശിക്ക് നേരത്തെ നാഷണൽ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം.

ഇയാൾ ഇപ്പോഴും സംഘടനയിൽ സജീവമാണോ എന്ന് വ്യക്തമല്ലെങ്കിലും കൂടുതൽ  വിവരങ്ങൾ ശേഖരിക്കാനായാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ യുവാവിനെ പരിശോധനകൾക്ക് ശേഷം എൻഐഎ സംഘം ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി.

ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേറുകൾ കേരളത്തിലും തമിഴ്‍നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടർന്ന്  കേരളത്തിലും തമിഴ്‍നാട്ടിലും തെരച്ചിൽ ശക്തമാക്കിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും തൗഹീത് ജമാഅതിന് വേരുകളുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ പരിശോധന തുടങ്ങിയത്. 

click me!