ബെംഗളൂരു കലാപം: എസ്ഡിപിഐ ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ്

By Web TeamFirst Published Nov 19, 2020, 6:37 AM IST
Highlights

റെയ്ഡില്‍ വാളുകള്‍, കത്തി, ഇരുമ്പുവടികള്‍ എന്നിവ കണ്ടെത്തിയതായി എന്‍ഐഎ പത്രകുറിപ്പില്‍ അറിയിച്ചു.
 

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ഓഫിസുകളടക്കം 43 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതായി എന്‍ഐഎ അറിയിച്ചു. ബെംഗളൂരുവിലെ നാല് എസ്ഡിപിഐ ഓഫിസുകളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ വാളുകള്‍, കത്തി, ഇരുമ്പുവടികള്‍ എന്നിവ കണ്ടെത്തിയതായി എന്‍ഐഎ പത്രകുറിപ്പില്‍ അറിയിച്ചു. ഓഗസ്റ്റ് 11നാണ് കേസിനാസ്പദമായ കലാപം നടക്കുന്നത്. ആള്‍ക്കൂട്ടം രണ്ട് പൊലീസ് സ്റ്റേഷനുകള്‍ കത്തിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് യുഎപിഎ ചുമത്തിയ കേസ് സെപറ്റംബര്‍ 21നാണ് എന്‍ഐഎക്ക് കൈമാറിയത്. ഡിജെ ഹള്ളി കേസില്‍ 124 പേരും കെജി ഹള്ളി കേസില്‍ 169 പേരും അറസ്റ്റിലായി. 

പ്രവാചകനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു അപകീര്‍ത്തികരമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടു എന്നാരോപിച്ചാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കലാപ ദിവസം എസ്ഡിപിഐ സ്റ്റേറ്റ് സെക്രട്ടറി മുസ്സമ്മില്‍ പാഷയുടെ നേതൃത്വത്തില്‍ യോഗം വിളിക്കുകയും എസ്ഡിപിഐ, പിഎഫ്‌ഐ പ്രവര്‍ത്തകരെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് എന്‍ഐഎ പറയുന്നു. ഡിജെ ഹള്ളി, കെജി ഹള്ളി, പുലകേശി നഗര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
 

click me!