കൊവിഡ് വ്യാപനം രൂക്ഷം; തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി

By Web TeamFirst Published Apr 18, 2021, 6:51 PM IST
Highlights

തമിഴ്നാട്ടിൽ ഞായറാഴ്ച മുഴുവൻ സമയ കർഫ്യൂ ആയിരിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവാഴ്ച മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ അവശ്യസർവ്വീസുകൾക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹോട്ടലുകളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രാത്രി 9 മണിക്ക് മുമ്പ് കടകള്‍ അടയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഞായറാഴ്ച മുഴുവൻ സമയ കർഫ്യൂ ആയിരിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവാഴ്ച മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവച്ചു.

കൊവിഡ് വ്യാപനം തീവ്രമായതോടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും നിയന്ത്രണം തുടരുകയാണ്. ഉത്തർപ്രദേശിലും ഞാറാഴ്ച്ച കർഫ്യൂ തുടങ്ങി. മധ്യപ്രദേശിൽ ഭോപ്പാൽ ഉൾപ്പെടെ മൂന്ന് നഗരങ്ങളിൽ കർഫ്യൂ ഈ മാസം 26 വരെ നീട്ടി. ചത്തീസ്ഗഡിലും നിയന്ത്രണങ്ങൾ തുടരുകയാണ്. റായ്പുർ റെഡ് സോണായി പ്രഖ്യാപിച്ചു. ദില്ലിയിൽ വാരാന്ത്യ കർഫ്യൂ തുടരുകയാണ്. നിയന്ത്രണങ്ങൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് ദില്ലി പൊലീസ് അറിയിച്ചു. ബീഹാറിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി ഒമ്പത് മണി മുതൽ പുലർച്ച 5 മണി വരെയാണ് കർഫ്യൂ.

click me!