നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ

By Dhanesh RavindranFirst Published Oct 4, 2022, 11:56 AM IST
Highlights

നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം സുപ്രിം കോടതിയിൽ.കേസിലെ പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെ വെറുതെ വിട്ട നടപടിക്കെതിരെയാണ് അപ്പീൽ

ദില്ലി: നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം സുപ്രിം കോടതിയിൽ.കേസിലെ പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെ വെറുതെ വിട്ട നടപടിക്കെതിരെയാണ് അപ്പീൽ. പ്രോസിക്യൂഷൻ ഹാജരാക്കിയ  വസ്തുക്കളെയും സാഹചര്യ തെളിവുകളെയും ഹൈക്കോടതി ശരിയായ രീതിയിൽ വിലയിരുത്തിയില്ലെന്ന് സംസ്ഥാനം സമർപ്പിച്ച ഹർജിയിൽ പറയുന്നത്. 

രണ്ടാം പ്രതിയുടെ വീട്ടിൽ നിന്ന് രാധയുടെ ആഭരണങ്ങൾ  കണ്ടെത്തിയതടക്കം കാര്യങ്ങൾ ഹൈക്കോടതി കണക്കിലെടുത്തില്ല .ഒന്നാം പ്രതി ബിജുവിൻ്റെ വഴിവിട്ട ബന്ധങ്ങൾ പുറത്ത് വരാതെയിരിക്കാനാണ് രാധയെ കൊലപ്പെടുത്തിയതിനെന്ന് തെളിയിക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്നും അപ്പീലിൽ പറയുന്നു. സംസ്ഥാനസർക്കാരിനായി സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. 

ദൃക്ഷസാക്ഷികളില്ലാത്ത കേസില്‍  പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പ്രതികളുടെ ശിക്ഷ റദ്ദാക്കിയത്. 2014 ഫെബ്രുവരി അഞ്ചിന്  കാണാതായ രാധയുടെ മൃതദേഹം അഞ്ച് ദിവസത്തിനുശേഷം ചുള്ളിയോട്   ഒരു   കുളത്തിലാണ് കണ്ടെത്തിയത്. പിന്നാലെതന്നെ ബിജു നായരേയും സുഹൃത്ത് ഷംസുദ്ദീനേയും പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യ ബന്ധങ്ങള്‍ പുറത്തുപറയുമെന്ന രാധയുടെ ഭീഷണിയില്‍ ഭയന്ന ബിജു സുഹൃത്ത് ഷംസുദ്ദീന്‍റെ സഹായത്തോടെ രാധയെ കൊലപെടുത്തി കുളത്തില്‍ തള്ളിയെന്നായിരുന്നു പൊലീസ് കേസ്. 

Read more: ലൈംഗീക അധിക്ഷേപ പരാതി ഒത്തുതീര്‍പ്പായാൽ ഹൈക്കോടതിക്ക് കേസ് റദ്ദാക്കാമോ? ഉത്തരം തേടി സുപ്രീംകോടതി

മുൻ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്നു ബിജു പ്രതിയായ കേസ് വലിയ വിവാദമായിരുന്നു. കോൺഗ്രസിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു ഈ കൊലപാതകം. പിന്നീട് നടന്ന തെരെഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെതിരെ ഇടതുമുന്നണിയും ബി.ജെ.പിയും  ഈ കൊലപാതം വലിയ പ്രചാരണവുമാക്കിയിരുന്നു.സംസ്ഥാനത്തിന്റെ അപ്പീൽ ഈ മാസം പത്തിന് സുപ്രീം കോടതി പരിഗണിക്കും.

click me!