ശബരിമല പുനഃപരിശോധനാ ഹർജികൾ കേൾക്കുക ഒമ്പതംഗ ഭരണഘടനാ ബഞ്ച്, വാദം അടുത്തയാഴ്ച

By Web TeamFirst Published Jan 6, 2020, 6:59 PM IST
Highlights

വിപുലമായ ബഞ്ച് വാദം കേൾക്കുന്നതിനാൽ ഇപ്പോൾ മല കയറാൻ സുരക്ഷ തേടി ബിന്ദു അമ്മിണിയും രഹ്‍ന ഫാത്തിമയും നൽകിയ ഹർജികൾ പരിഗണിക്കുന്നില്ല എന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കിയത്. 

ദില്ലി: ശബരിമല പുനഃപരിശോധനാ ഹർജികളിൽ വാദം തുടങ്ങുന്ന തീയതി തീരുമാനിച്ചു. ജനുവരി 13-നാകും ഹർജികളിൽ വാദം കേട്ടു തുടങ്ങുക. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‍ഡെ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. ആരൊക്കെയാകും ബഞ്ചിൽ എന്ന് ഇപ്പോൾ കോടതി വ്യക്തമാക്കിയിട്ടില്ല. 

എന്നാൽ ലിസ്റ്റിംഗ് ചുമതലയുള്ള പ്രത്യേക ഓഫീസർക്ക് അയച്ച നോട്ടീസിൽ കോടതി വ്യക്തമാക്കുന്നതിങ്ങനെ: 

''കേസ് അടുത്ത തിങ്കളാഴ്ച, അതായത് 13 ജനുവരി 2020-ന്, ഒമ്പതംഗ ഭരണഘടനാ ബഞ്ചിന് മുമ്പാകെ വാദം കേട്ടു തുടങ്ങും''

 

കേസിൽ സ്വന്തം വാദങ്ങളുമായി ബന്ധപ്പെട്ട് കക്ഷികൾ നാലു സെറ്റ് രേഖകൾ കൂടി കോടതിയിൽ നൽകണമെന്ന് രജിസ്ട്രി നേരത്തേ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഉടൻ ഹാജരാക്കാനാണ് നിർദേശം നൽകിയത്. ഇതിൽ ജനുവരിയിൽ ഹർജികൾ പരിഗണിക്കുമെന്ന് സൂചനയുണ്ടായിരുന്നു.

ഏഴു പ്രധാന ചോദ്യങ്ങളാണ് പുനഃപരിശോധനാ ഹർജി പരിഗണിച്ച അഞ്ചംഗ ബഞ്ച് വിപുലമായ ബഞ്ചിന് വിട്ടത്. മതസ്വാതന്ത്ര്യം, തുല്യത എന്നിവ വ്യക്തമാക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ തമ്മിലുള്ള പാരസ്പര്യം, ഭരണഘടനാ ധാർമ്മികതയുടെ വ്യഖ്യാനം, 'ഒരു വിഭാഗം ഹിന്ദുക്കൾ' എന്ന ഇരുപത്തിയഞ്ചാം അനുച്ഛേദത്തിലെ പരാമർശത്തിന്‍റെ വ്യഖ്യാനമെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് ബഞ്ച് ഉന്നയിച്ചത്. വിപുലമായ ബഞ്ചിന്‍റെ തീരുമാനം വന്ന ശേഷം യുവതീ പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാം എന്നാണ് കോടതി നിലപാട്. 

Read more at: ശബരിമല യുവതി പ്രവേശനം: രഹനയുടെയും ബിന്ദുവിന്റെയും ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ സുപ്രീംകോടതി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നൽകിയ ഹർജികൾ പരിഗണിക്കവേ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടതല്ലേ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. രാജ്യത്തിന്‍റെ ഇന്നത്തെ അവസ്ഥ സ്ഫോടനാത്മകമാണ്, അക്രമം ഉണ്ടാക്കാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

'യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ, അത് വരെ സമാധാനമായി ഇരിക്കൂ' എന്നും സുപ്രീംകോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. അന്തിമ ഉത്തരവ് നിങ്ങൾക്ക് അനുകൂലം ആണെങ്കിൽ ഞങ്ങൾ സംരക്ഷണം നൽകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊലീസ് സുരക്ഷ ആവശ്യമില്ലെങ്കിൽ പോയ്‍ക്കോളൂ, അതല്ലാതെ സുരക്ഷ നൽകാനായി ഇപ്പോൾ ഉത്തരവ് നൽകാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 

ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018 ലെ വിധി അവസാനവാക്കല്ല എന്ന് ഇരുവരുടെയും  ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു.  

click me!