'അങ്കിളും കൂടെ വന്നവരും അച്ഛനെ കൊന്നു, അമ്മ നോക്കിനിന്നു'; യുവാവിന്റെ മരണത്തിൽ നിർണായകമായി 9 വയസുകാരന്റെ മൊഴി

Published : Jun 18, 2025, 01:13 PM IST
9 year old boys statement in murder case

Synopsis

ഉറക്കം നടിച്ച് കിടക്കുകയായിരുന്ന കുട്ടി ആദ്യം മുതൽ നടന്ന എല്ലാ സംഭവങ്ങളും വള്ളിപുള്ളിവിടാതെ പൊലീസിന് മുന്നിൽ വെളിപ്പെടുത്തുകയായിരുന്നു.

അൽവാർ: അമ്മയും വാടക കൊലയാളികളും ചേർന്ന് സ്വന്തം അച്ഛനെ കിടപ്പുമുറിയിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണായകമായി ഒൻപത് വയസുകാരന്റെ മൊഴി. കുട്ടിയുടെ അമ്മയ്ക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കണ്ടെത്തി. ഞെട്ടിക്കുന്ന കൊലപാതകം താൻ നേരിട്ട് കണ്ടുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഉറക്കം നടിച്ച് കിടക്കുകയായിരുന്ന കുട്ടി ആദ്യം മുതൽ നടന്ന എല്ലാ സംഭവങ്ങളും വള്ളിപുള്ളിവിടാതെ പൊലീസിന് മുന്നിൽ വെളിപ്പെടുത്തുകയായിരുന്നു.

രാജസ്ഥാനിലെ അൽവാറിൽ ജൂൺ അഞ്ചിനാണ് മാൻ സിങ് ജാദവ് എന്ന യുവാവിനെ വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളോടും അയൽക്കാരോടും ഭാര്യ അനിത പറഞ്ഞത് ഭർത്താവിന് പെട്ടെന്ന് സുഖമില്ലാതായി മരിച്ചുവെന്നായിരുന്നു. എന്നാൽ മാൻസിങിന്റെ സഹോദരൻ ബ്രിജേഷ് ജാദവ് നൽകിയ പരാതി പ്രകാരം അന്വേഷണം തുടങ്ങിയ പൊലീസ് സംഘം 48 മണിക്കൂറിനകം ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. മാൻ സിങിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ഒൻപത് വയസുകാരനായ മകൻ പൊലീസിന് വിശദമായ മൊഴി നൽകി.

സംഭവ ദിവസം രാത്രി അമ്മ വീടിന്റെ മുൻഗേറ്റ് ബോധപൂർവം തുറന്നിടുന്നത് കണ്ടുവെന്ന് കുട്ടി പറഞ്ഞു. അർദ്ധരാത്രിയോടെ നാല് യുവാക്കളും 'കാശി അങ്കിൾ' എന്ന് കുട്ടി വിശേഷിപ്പിച്ച ഒരാളും വീട്ടിലേക്ക് കയറി വന്നു. കാശിറാം പ്രജാപത് എന്ന ഇയാളുമായി കുട്ടിയുടെ അമ്മയ്ക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. അഞ്ചംഗ സംഘം വീട്ടിലേക്ക് കടന്നുവന്നപ്പോൾ യുവാവ് ഉറക്കമായിരുന്നു. ഇവർ ഉപദ്രവിക്കുകയും ഒടുവിൽ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. തൊട്ടടുത്ത് കിടന്നിരുന്ന കുട്ടി ഉറക്കം നടിച്ചെങ്കിലും എല്ലാം കണ്ടിരുന്നു.

"ഉറങ്ങി അൽപം കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഉണർന്നു. നോക്കുമ്പോൾ അമ്മ ഗേറ്റ് തുറക്കുന്നു. കാശി അങ്കിളും മറ്റ് നാല് പേരും അടുത്തുണ്ടായിരുന്നു. പേടിച്ച് പോയതിനാൽ എഴുന്നേറ്റില്ല. പക്ഷേ എല്ലാം കണ്ടു. ഇവരെല്ലാം പിന്നീട് മുറിയിലേക്ക് കയറി വന്നു. അച്ഛനെ ഉപദ്രവിക്കാൻ തുടങ്ങി. അമ്മ എല്ലാം നോക്കിക്കൊണ്ട് നിന്നു. അച്ഛന്റെ കാലുകൾ പിടിച്ചുവലിച്ചു. ഒടുവിൽ ശ്വാസം മുട്ടിച്ചു. കാശി അങ്കിളാണ് തലയിണ മുഖത്ത് വെച്ച് അമർത്തിയത്. പേടിച്ചുപോയപ്പോൾ എഴുന്നേറ്റ് അച്ഛന്റെ അടുത്തേക്ക് പോകാൻ നോക്കിയപ്പോൾ എന്നെ കാശി അങ്കിൽ എടുത്തു മാറ്റി. പിന്നെ ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അൽപനേരം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. പിന്നീട് എല്ലാവരും പുറത്തുപോയി" - കുട്ടി പൊലീസിനോട് പറഞ്ഞു.

അനിതയും കാശിറാമും ചേർന്ന് നേരത്തെ തന്നെ കൊലപാതകം പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അവിഹിത ബന്ധമായിരുന്നു പ്രേരണ. അനിതയ്ക്ക് പരിസരത്ത് ഒരു കടയുണ്ടായിരുന്നു. ഇവിടെ കാശിറാം സ്ഥിരമായി എത്തി. ഇവർ തമ്മിലുള്ള അടുപ്പമാണ് വാടക കൊലയാളികളെ എത്തിച്ചുള്ള കൊലപാതകത്തിലേക്ക് എത്തിയത്. നാല് വാടക കൊലയാളികൾക്കായി രണ്ട് ലക്ഷം രൂപ ഇരുവരും നൽകി. അനിത രാത്രി ഇവർക്കായി വീടിന്റെ വാതിൽ തുറന്നുകൊടുക്കുകയും ചെയ്തു. കാശിറാമും വാടക കൊലയാളികളും ബൈക്കുകളിലാണ് വീട്ടിലെത്തിയത്. ഉറങ്ങുകയായിരുന്ന യുവാവിനെ ആക്രമിച്ച് കൊന്നു.

അസുഖം കാരണമാണ് മരിച്ചതെന്ന് അനിത എല്ലാവരോടും പറഞ്ഞിരുന്നതെങ്കിലും മൃതദേഹത്തിൽ പരിക്കുകളുണ്ടായിരുന്നു. ഒരു പല്ല് ഒടിഞ്ഞിരുന്നു. ശ്വാസം മുട്ടിച്ച ലക്ഷണങ്ങൾ കൂടി കണ്ടതോടെ സംശയമായി. കൊലപാതകം തന്നെയെന്ന് പിന്നീട് പോസ്റ്റ്മോർട്ടത്തിൽ ഉറപ്പായി. പ്രദേശത്തെ നൂറോളം സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു. ഫോൺ കോൾ വിവരങ്ങളും പരതി. അനിതയും കാശിറാമും വാടക കൊലയാളികളിൽ ഒരാളും അറസ്റ്റിലായി. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്