
ദില്ലി: തൊഴിലുടമയും കുടുംബവും ആഡംബര ഹോട്ടലിലെ പാർട്ടിയിൽ. പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന ടാറ്റാ ഹാരിയർ ഡ്രൈവറെ അടക്കം തട്ടിയെടുത്ത് അക്രമികൾ. ആയുധധാരികളായ മൂന്ന് പേർ ചേന്നാണ് ദില്ലിയിലെ പ്രമുഖ ഹോട്ടലിൽ നിന്ന് ടാറ്റാ ഹാരിയർ കടത്തിക്കൊണ്ട് പോയത്. തെക്ക് പടിഞ്ഞാറൻ ദില്ലിയിൽ ഞായറാഴ്ചയായിരുന്നു സംഭവം.
കുത്തബ് ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിലെ ഹോട്ടലിന് സമീപത്ത് വത്താണ് സംഭവം. വാഹനത്തിന്റെ ഉടമയും ഭാര്യയും പാർട്ടിയിൽ പങ്കെടുക്കുന്ന സമയത്ത് ടാറ്റ ഹാരിയറിൽ ഉണ്ടായിരുന്നത് ഡ്രൈവർ മാത്രമായിരുന്നു. കാറിന്റെ പിൻഡോർ തുറന്ന് രണ്ട് പേർ കാറിനുള്ളിൽ കയറുകയും മൂന്നാമൻ തോക്ക് ചൂണ്ടി വാഹനത്തിന് മുന്നിലെത്തുകയുമായിരുന്നു. പിന്നാലെ അക്രമികൾ തട്ടിയെടുക്കയും ഡ്രൈവറെ ആക്രമിച്ച് വഴിയിൽ തള്ളുകയായിരുന്നു. ഡ്രൈവറുടെ ഫോണും അക്രമികൾ തട്ടിയെടുക്കുകയായിരുന്നു.
പരിക്കേറ്റ ഡ്രൈവർ പൊലീസ് പട്രോളിംഗ് സംഘത്തിന്റെ സഹായം തേടുകയായിരുന്നു. സംഭവത്തിൽ കൊള്ള, അക്രമിച്ചുകൊണ്ടുള്ള മോഷം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന എന്നിവ അടക്കമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ടാറ്റ ഹാരിയർ കണ്ടെത്തുകയും മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ഥിരം കുറ്റവാളികളായ 34കാരൻ യോഗേഷ്, 40കാരൻ അശോക് കുമാർ, 25കാരനായ ബണ്ടി എന്നിവരാണ് അറസ്റ്റിലായത്. പിടിച്ചുപറി, മോഷണം എന്നിവയ്ക്ക് നിരവധി കേസുകളാണ് ഇവർക്കെതിരെയുള്ളത്. മൊബൈൽ ഫോണുകൾ, വാഹനം, നാടൻ തോക്ക് എന്നിവയും അക്രമികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം