
ദില്ലി: ബാങ്ക് വായ്പ തിരിച്ചടക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി ക്യാമറയിൽ കുരുങ്ങി. ലണ്ടൻ നഗരത്തിൽ സ്വതന്ത്രനായി വിലസുന്ന നീരവിന്റെ ദൃശ്യങ്ങൾ ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫ് ആണ് പുറത്ത് വിട്ടത്. മോദിയെ പിന്തുടർന്ന് റിപ്പോർട്ടർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകാത്തത് വീഡിയോയിൽ കാണാം. റിപ്പോർട്ടറുടെ ചോദ്യങ്ങൾക്ക് ‘നോ കമന്റ്സ്’ എന്നാണ് നീരവ് മോദിയുടെ മറുപടി.
ലണ്ടനിലെ വെസ്റ്റ് എൻഡിൽ 80 ലക്ഷം പൗണ്ടിന്റെ (ഏകദേശം 73 കോടി) അപ്പാർട്ട്മെന്റിലാണ് മോദിയുടെ താമസം. ബിനാമി പേരിൽ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും റിപ്പോട്ടുകളുണ്ട്. കഴിഞ്ഞ ദിവസം മോദിയുടെ മുംബൈയിലെ അലിബാഗിലെ ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തിരുന്നു. കടൽത്തീരത്ത് കൈയേറ്റഭൂമിയിലാണ് ബംഗ്ലാവ് പണിതതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബംഗ്ലാവ് പൊളിച്ചുമാറ്റാൻ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ട മോദി ബംഗ്ലാവ് നഷ്ടപ്പെടാതിരിക്കാൻ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു. നീരവ് മോദി ബിജെപി ബന്ധം പ്രതിപക്ഷം ആരോപിക്കുന്നതിനിടയിൽ, തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ മഹാരാഷ്ട്ര സർക്കാരും വേഗത്തിൽ നടപടികൾ പൂർത്തിയാക്കി. അതേസമയം, നീരവ് മോദിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കാത്തത് വ്യാപക വിമർശനത്തിന് വഴിയൊരുക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam