
മുംബൈ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സർക്കാർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തു. കയ്യേറ്റങ്ങളും നിർമ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്.
ഒന്നരയേക്കറിൽ കോടികൾ ചെലവഴിച്ച് നീരവ് മോദി കെട്ടി ഉയർത്തിയ ഒഴിവുകാല വസതിയാണ് സ്ഫോടനത്തിൽ നിലംപൊത്തിയത്. വലിയ കോണ്‍ക്രീറ്റ് തൂണുകൾ തകർക്കുകയായിരുന്നു ശ്രമകരം. മുപ്പത് കിലോ സ്ഫോടക വസ്തുക്കൾ വിവിധ ഇടങ്ങളിൽ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തീരത്തെ സ്ഥലം എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു കഴിഞ്ഞു. അകത്തെ മൂല്യമേറിയ വസ്തുക്കളും ലേലത്തിൽ വയ്ക്കും.
33,000 ചതുരശ്ര അടിയിൽ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ബംഗ്ലാവ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. 25 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാൻ നീരവ് മോദി ഉപയോഗിച്ചതെന്നാണ് വിവരം. ഒന്നര ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന 100 കോടിയിലധികം ചെലവ് വരുന്ന സ്ഥലത്തെ മുന്‍ ഭാഗത്തുള്ള ഉദ്യാനവും കൈയ്യേറി നിര്‍മ്മിച്ചതാണ്. ഒട്ടേറെ മുറികള്‍, അത്യാഡംബര പ്രൈവറ്റ് ബാറുകള്‍ എന്നിവയടങ്ങിയതാണ് ഈ കെട്ടിടം. അനധികൃത ബംഗ്ലാവെന്നാണ് ബോംബൈ ഹൈക്കോടതി രൂപാന എന്ന പേരിൽ അറിയപ്പെടുന്ന ഈ ബംഗ്ലാവിനെ വിശേഷിപ്പിച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000കോടിൽ പരം രൂപ വായ്പയെടുത്ത് രാജ്യംവിട്ട മോദി ബംഗ്ലാവ് നഷ്ടപ്പെടാതിരിക്കാൻ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു. നീരവ് മോദി ബിജെപി ബന്ധം പ്രതിപക്ഷം ആരോപിക്കുമ്പോൾ, തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ മഹാരാഷ്ട്ര സർക്കാരും വേഗത്തിൽ നടപടികൾ പൂർത്തിയാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam