നിര്‍ഭയ കേസ്: ദയാഹര്‍ജിക്ക് പിന്നാലെ മരണ വാറണ്ടിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

By Web TeamFirst Published Jan 15, 2020, 12:48 AM IST
Highlights

മുകേഷ് സിംഗ്, വിനയ് ശര്‍മ്മ എന്നിവരുടെ തിരുത്തൽ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു

അതിന് പിന്നാലെയാണ് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകിയത്

ദില്ലി: ദില്ലി കൂട്ടബലാൽസംഗ കേസിലെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് ഹര്‍ജി നല്‍കി. ദില്ലി ഹൈക്കോടതി മുകേഷ് സിംഗിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും. കേസിൽ ദയാഹര്‍ജി നൽകാൻ നിയമപരമായ സമയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വഴിയാണ് മുകേഷ് സിംഗ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മുകേഷ് സിംഗ്, വിനയ് ശര്‍മ്മ എന്നിവരുടെ തിരുത്തൽ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. അതിന് പിന്നാലെ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകുകയും ചെയ്തു. ഈ മാസം 22ന് രാവിലെ 7 മണിക്ക് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനാണ് ദില്ലി കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

മുകേഷ് സിംഗിന്‍റെയും കൂട്ടുപ്രതി വിനയ് ശർമ്മയുടെയും തിരുത്തൽ ഹ‍ർജികൾ ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് തള്ളിയിരുന്നു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

കേസിലെ നാല് പ്രതികൾക്കും ജനുവരി ഏഴിന് ദില്ലി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. 

ദില്ലി പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ച് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഒമ്പതിനാണ് വിനയ് കുമാർ ശർമ്മ തിരുത്തൽ ഹർജി ഫയ‌ൽ ചെയ്തത്. ഇതിന് പിന്നാലെ മുകേഷും തിരുത്തൽ ഹർജി ഫയൽ ചെയ്തു. ജനുവരി 22-ന് രാവിലെ ഏഴുമണിക്കാണ് വധശിക്ഷ നടപ്പാക്കേണ്ടത്. വിനയ് ശർമ്മയ്ക്കും, മുകേഷിനും പുറമേ പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളെയും ജനുവരി 22നായിരിക്കും തൂക്കിലേറ്റുക.

അതേസമയം 

കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാർ ജയിലിൽ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണൂ നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. 

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി.

ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.

click me!